വയോധികനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊന്നു; അയൽവാസി അറസ്റ്റിൽ

പ്രതി ആൽബർട്ട് ആസ്പിൻ, കുഴന്തൈവേൽ
വെള്ളറട
മുൻവൈരാഗ്യത്തെ തുടർന്ന് എൺപത്താറുകാരനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മാർത്താണ്ഡത്തിനടുത്ത് തിക്കുറിച്ചി മച്ചികാവിള സ്വദേശി കുഴന്തൈവേലാണ് (86) കൊല്ലപ്പെട്ടത്. എതിർവശത്തെ വീട്ടിൽ താമസിക്കുന്ന ആൽബർട്ട് ആസ്പിനെ (40) മാർത്താണ്ഡം പൊലീസ് അറസ്റ്റ് ചെയ്തു. കുഴന്തൈവേലിന്റെ മകൻ ജപമണിയും ആൽബർട്ട് ആസ്പിനും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതകം. വെള്ളി രാത്രി ആൽബർട്ട് ആസ്പിൻ ജപമണിയുടെ വീടിന്റെ മതിലും ജനാലകളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചോദ്യം ചെയ്ത ജപമണിയെ ആക്രമിക്കാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ജപമണി മാർത്താണ്ഡം പൊലീസിൽ പരാതി നൽകാൻ പോയ തക്കംനോക്കി ആൽബർട്ട് ആസ്പിൻ വീട്ടിൽ തനിച്ചായിരുന്ന കുഴന്തൈവേലിനെ ആക്രമിച്ചു. വയോധികന്റെ ശരീരത്തിൽ തുണികൾ വാരിയിട്ടശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ജപമണി തിരിച്ചെത്തിയപ്പോൾ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടു. പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു കുഴന്തൈവേൽ. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments