ശില്പ സമർപ്പണം ജില്ലാപഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കാനുള്ള സ്പീക്കറുടെ ശ്രമം ദൗർഭാഗ്യകരം: സാബു അബ്രഹാം

കാസർകോട് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപങ്ങളുടെ ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ജില്ലാപഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കാനുള്ള നിയമസഭാ സ്‌പീക്കറുടെ ശ്രമം അങ്ങേയറ്റം അപഹാസ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ ഭരണനേതൃത്വത്തിന്റെയും സാംസ്‌കാരികപ്രവർത്തകരുടെയും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു ലോകോത്തര പ്രതിഭ കാനായി നിർമിച്ച ഒരു ശില്പം സ്വന്തം ജില്ലയായ കാസർകോട് ഉണ്ടാകണം എന്നുള്ളത്. അതിന്റെ ഭാഗമായാണ് ജില്ലാപഞ്ചായത്ത് അങ്കണത്തിൽ എൻഡോസൾഫാൻ ദുരിതത്തിന്റെ വേദനകൾ പേറുന്ന അമ്മയുടെയും കുഞ്ഞുങ്ങളുടെയും ശില്പം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് അദ്ദേഹത്തെ ക്ഷണിച്ചത്. ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സംസ്ഥാനമാകെ നിന്നെത്തിയ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സാന്നിധ്യത്തിൽ മികച്ച നിലയിലാണ് ശിൽപ അനാഛാദന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നത്. സ്പീക്കർ കൂടി ഉണ്ടായിരുന്നെങ്കിൽ അത് കൂടുതൽ മികവുറ്റതാകുമായിരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. എന്നാൽ ചടങ്ങിനെ വിവാദങ്ങളിലേക്ക് തള്ളിവിട്ട് അപഹസിക്കുന്നത് കാനായി എന്ന മഹാപ്രതിഭയെയും ജില്ലയെയും അപമാനിക്കുന്നതിന് തുല്യമാണ്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവസാനനിമിഷം അകാരണമായി പരിപാടിയിൽ പങ്കെടുക്കാതിരിക്കുകയും പകരം എംപിയുടെ സാന്നിധ്യത്തിൽ കാനായിതന്നെ ശിൽപ്പങ്ങൾ നാടിന് സമർപ്പിക്കുകയുമായിരുന്നു. പരിപാടിയിൽ നിന്ന് വിട്ട് നിന്നതിൽ പൊതുവിൽ വലിയ വിമർശനമാണ് സ്പീക്കർക്കെതിരെ ജില്ലയിൽ ഉയർന്നത്. എന്നാൽ ഇപ്പോൾ സംഘാടകരെ പ്രതിക്കൂട്ടിൽ നിർത്തി രക്ഷപ്പെടാനാണ് സ്പീക്കർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിതന്നെ ശിൽപ്പങ്ങൾ നാടിനു സമർപ്പിക്കണം എന്നഭ്യർത്ഥിച്ച് മാസങ്ങൾക്ക് മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ തിരക്ക് കാരണം അദ്ദേഹത്തിന്റെ തീയതി കിട്ടിയില്ല. മറ്റ് തിരക്കുകളിലേക്ക് പോകേണ്ടതുള്ളതിനാൽ ഇനിയും പരിപാടി വൈകിക്കരുത് എന്ന് കാനായി അറിയിക്കുകയുണ്ടായി. തുടർന്ന് കെ നീലകണ്ഠൻ എംഎൽഎ ഇടപ്പെട്ടാണ് സ്പീക്കറുടെ തീയതി ലഭിച്ചത്. 13 ന് ഉദ്ഘാടനത്തിന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർക്ക് പരിപാടിയുടെ നോട്ടീസ് ഉൾപ്പടെ തയ്യാറാക്കി നൽകി. ശേഷം സ്പീക്കരുടെ ഓഫീസ് ജില്ലാ പഞ്ചായത്തിൽ ബന്ധപ്പെട്ട് പരിപാടി സംബന്ധിച്ച് ചില വിവരം തേടുകയും ചെയ്തു. എന്നിട്ടും വിവരം ലഭിച്ചിട്ടില്ല എന്ന സ്പീക്കറുടെ പ്രസ്താവന ദൗർഭാഗ്യകരം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തുന്നത് വീണ്ടും വീണ്ടും ജില്ലയെ അപമാനിക്കുന്നതിനുതുല്യമാണ്. സാബു അബ്രഹാം പറഞ്ഞു.








0 comments