Deshabhimani

വർണാഭമായി ശിശുദിനാഘോഷം

Children's Day Celebration

എറണാകുളം നഗരത്തിൽ ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനറാലിക്കുശേഷം ലഘുഭക്ഷണം കഴിക്കുന്ന മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, ഭഗത്-സിങ് വേഷധാരികളായ കുട്ടികൾ

വെബ് ഡെസ്ക്

Published on Nov 15, 2026, 02:52 AM | 2 min read

കൊച്ചി


രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ നാടെങ്ങും ശിശുദിനം ആഘോഷിച്ചു. അങ്കണവാടികൾ, നഴ്‌സറികൾ, ബാലഭവനുകൾ, വിവിധ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വർണാഭമായ പരിപാടികൾ നടത്തി. ജില്ലാ ഭരണകേന്ദ്രവും ജില്ലാ ശിശുക്ഷേമസമിതിയും ആഘോഷങ്ങൾ സംഘടിപ്പിച്ചു. നൂറുകണക്കിന്‌ കുട്ടികൾ അണിനിരന്ന വർണാഭമായ റാലികളും ജില്ലയിൽ വിവിധയിടങ്ങളിൽ നടന്നു.


ജില്ലാ ശിശുക്ഷേമസമിതി ശിശുദിനാഘോഷം ‘വർണോത്സവം 2026’ സംഘടിപ്പിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ശിശുദിന റാലി ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ സമാപിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ഭദ്ര സാകിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി എ ആദിലക്ഷ്മി അധ്യക്ഷയായി. റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകളെ അനുമോദിച്ചു. കച്ചേരിപ്പടി സെന്റ് ആന്റണീസ് എൽപി സ്കൂൾ ഒന്നാംസ്ഥാനവും കലൂർ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ രണ്ടാംസ്ഥാനവും എറണാകുളം സെന്റ് തെരേസാസ് സിജി എൽപി സ്കൂൾ മൂന്നാംസ്ഥാനവും നേടി. പ്രസംഗ, സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികൾക്ക്‌ ടി ജെ വിനോദ് എംഎൽഎ സമ്മാനങ്ങൾ വിതരണംചെയ്തു. ശിശുക്ഷേമസമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു. കുട്ടികളുടെ സ്പീക്കർ ടി എസ് സഹസ്രദ്, കൗൺസിലർ കെ വി പി കൃഷ്ണകുമാർ, സിഡബ്ല്യുസി ചെയർപേഴ്സൺ ഉല്ലാസ് മധു, എയ്ഞ്ചൽ മറിയം എന്നിവർ സംസാരിച്ചു.


ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ബാലവേദി പുനഃസംഘാടനവും നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. ലിൻസി റാഫേൽ അധ്യക്ഷയായി. ബാലവേദി പ്രസിഡന്റായി അസ്ന ഫാത്തിമയെയും സെക്രട്ടറിയായി ടി എസ് അഷിതയെയും തെരഞ്ഞെടുത്തു. തുടർന്ന് ക്വിസ്‌ മത്സരം സംഘടിപ്പിച്ചു.


അട്ടപ്പാടി എ പി ജെ അബ്ദുൽകലാം ഇന്റർനാഷണൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ശിശുദിനം ആഘോഷിച്ച്‌ ആസ്റ്റർ മെഡ്‌സിറ്റി. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപക ഉമാ പ്രേമൻ മുഖ്യാതിഥിയായി. വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന 31 അംഗസംഘമാണ് ആസ്റ്റർ മെഡ്‌സിറ്റി സന്ദർശിച്ചത്. ഡോ. ടി ആർ ജോൺ, ഡോ. ജീസൺ സി ഉണ്ണി, ഡോ. നിമിത കെ മോഹൻ, ഡോ. എൻ സുബിരാജ്, ടി എസ് ശരത്കുമാർ, ജയേഷ് കുമരൻ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. കുട്ടികൾക്കായി ലഹരിമുക്ത, മാനസികാരോഗ്യ ബോധവൽക്കരണം, ആരോഗ്യപരിശോധന എന്നിവയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home