അമ്മയും മകനും കൂട്ടിന് സുഹൃത്തുക്കളും
125 ഗ്രാം എംഡിഎംഎ കടത്തിയ 4 പേർ പിടിയിൽ

മയക്കുമരുന്നുമായി പിടിയിലായവര്‍
സ്വന്തം ലേഖകൻ
Published on Aug 20, 2026, 12:00 AM | 1 min read
നെയ്യാറ്റിൻകര
കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിച്ച് ബംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന നാലുപേർ അറസ്‌റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്ത് തിരുനെൽവേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ എസ് നായർ (26) എന്നിവരാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരിക്കടത്ത്. ബീനയുടെ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകൾ നടന്നത്. ആറാലുംമൂട് ചന്തയ്ക്ക് മുൻവശത്തുനിന്നാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച മഹീന്ദ്ര വാഹനത്തിൽനിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്റ്റീരിയോ സിസ്റ്റത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിപണിയിൽ ഏഴ് ലക്ഷത്തോളം വിലവരും. എക്സൈസ് പരിശോധന ഒഴിവാക്കാൻ കുറച്ചു വസ്ത്രങ്ങൾ വാങ്ങുകയും ചെയ്‌തു. വാഹനത്തിലുണ്ടായിരുന്ന കിരണിന്റെ എട്ടു വയസ്സുകാരി മകളെ എക്സൈസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി. ഇയാൾ ഭാര്യയുമായി രണ്ടുവർഷം മുന്പ് വേർപിരിഞ്ഞിരുന്നു. കിരണിനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് കമീഷണർ ആർ മനോജ് സംഭവസ്ഥലത്തെത്തി. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ഹിരോഷ്, എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, രഞ്ജിത്, കൃഷ്ണകുമാർ, അജയൻ, വിശാഖ്, ആരോമൽ രാജൻ, ഗോകുൽ, വിനോദ്, രാജേഷ് പി രാജൻ, അക്ഷയ്, ബിനോജ്, അഭിജിത്, ഹരി പ്രസാദ്, ഹരിത, സജിത, ആര്യ കൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.










0 comments