ad
Deshabhimani

ഓണത്തെ വരവേൽക്കാനൊരുങ്ങി പള്ളിച്ചലിലെ പൂപ്പാടങ്ങൾ

പള്ളിച്ചൽ പഞ്ചായത്ത് നാലാം വാർഡ് എഡിഎസ് കമ്മിറ്റിയുടെ നരുവാമൂട് ജങ്ഷന് സമീപത്തെ ജമന്തികൃഷി

പള്ളിച്ചൽ പഞ്ചായത്ത് നാലാം വാർഡ് എഡിഎസ് കമ്മിറ്റിയുടെ നരുവാമൂട് ജങ്ഷന് സമീപത്തെ ജമന്തികൃഷി

വെബ് ഡെസ്ക്

Published on Aug 16, 2026, 12:11 AM | 1 min read

നേമം

ഓണത്തെ വരവേൽക്കാൻ പള്ളിച്ചലിലെ പൂപ്പാടങ്ങൾ ഒരുങ്ങി. 2022ൽ ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിയ ഒപ്പം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കിയ ‘നമ്മുടെ പൂക്കൾ നമ്മുടെ ഓണം’ പദ്ധതിയുടെ തുടർച്ചയായാണ് വാർഡ്‌ അടിസ്ഥാനത്തിൽ ജമന്തി കൃഷി നടത്തിയത്. കഴിഞ്ഞവർഷംവരെ തൊഴിലുറപ്പ് പദ്ധതിയിൽകൂടി ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. എന്നാൽ, കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിലുറപ്പ് നയങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ പുഷ്പകൃഷി ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ഇത്തവണ തൊഴിലുറപ്പ്‌ തൊഴിലാളികൾ പുറത്തായി. പള്ളിയിൽ കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ വാർഡ് എഡിഎസ് കമ്മിറ്റികളും ചേർന്ന്‌ വിവിധ വാർഡുകളിലായി 20 ഏക്കറോളം സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്‌. പൂവിട്ടുനിൽക്കുന്ന പാടങ്ങളിൽ ചിത്രങ്ങളെടുക്കാൻ എത്തുന്ന സന്ദർശകരുടെ എണ്ണം പതിവുപോലെ വർധിച്ചുവരുന്നുണ്ട്. ദൂരസ്ഥലങ്ങളിൽനിന്നുപോലും പൂപ്പാടം കാണാൻ കുടുംബസമേതം എത്തുന്നവരുമുണ്ട്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ പഞ്ചായത്തിന്റെ ഓണച്ചന്തയിൽ എത്തിച്ചാണ് വിൽപ്പന. ​ആശങ്കയിൽ പഞ്ചായത്ത്‌ മുൻവർഷങ്ങളിലെപോലെ പുഷ്പകൃഷിയിൽനിന്ന് ഇത്തവണ കുടുംബശ്രീ യൂണിറ്റുകൾക്ക് ലാഭം കിട്ടാൻ സാധ്യതയില്ലെന്ന് പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പറയുന്നു. മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച്‌ ചെയ്തതിനാൽ കൃഷിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ കൂലിയിനത്തിൽ ചെലവും കുറവായിരുന്നു. ഇത്തവണ തൊഴിലാളികൾക്ക്‌ ശമ്പളം നൽകുന്നതിൽ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് പഞ്ചായത്ത്‌ അംഗം അനുജകുമാരി പറയുന്നു. സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ അടുത്തതവണ കൃഷിചെയ്യാൻ സാധിക്കില്ലെന്ന്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ ടി മനോജ്‌ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home