ad
Deshabhimani

കടലിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ 
തിരികെയെത്തിച്ചു

രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം തീരത്ത് എത്തിച്ചപ്പോൾ

രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം തീരത്ത് എത്തിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ​

Published on Jul 01, 2026, 12:00 AM | 1 min read

കോവളം

വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിക്കാൻ കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി തീരത്ത് എത്തിച്ചു. ചൊവ്വ പകൽ 1.30ഓടെ ആണ് ഇവരെ വിഴിഞ്ഞം തീരത്ത് എത്തിച്ചത്. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ഇവർ കടലിൽ അകപ്പെടുകയായിരുന്നു. ​വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവേളി സ്വദേശി ബാബു (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഞായർ പകൽ മൂന്നോടെയാണ് ഇവർ ക്രിസ്തുരാജൻ എന്ന വള്ളത്തിൽ കടലിൽ പോയത്. സാധാരണഗതിയിൽ തിങ്കൾ പുലർച്ചെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും വന്നില്ല. കരയില്‍നിന്ന്‌ 42 കിലോമീറ്റർ ഉള്ളിലെത്തിയപ്പോഴാണ് വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായത്. തുടര്‍ന്ന് കടലില്‍ ഒഴുകി നടന്ന വള്ളത്തിലായിരുന്നു മൂവരും. അതുവഴിപോയ തമിഴ്‌നാട്ടിലെ ബോട്ടുകാരെ കൈകാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോണിന് റെയ്‌ഞ്ചില്ലാതായതോടെ നാട്ടില്‍ ആരുമായും ബന്ധപ്പെടാനും സാധിച്ചില്ല. തിങ്കളാഴ്ച തന്നെ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം, ബന്ധുക്കൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവരും തിരച്ചിൽ തുടങ്ങിയിരുന്നു. ചൊവ്വ രാവിലെ ഒമ്പതോടെയാണ്‌ ഇവരെ കണ്ടെത്തിയത്. തകരാറിലായ വള്ളവും കെട്ടിവലിച്ച് കരയിലെത്തിച്ചു. ​കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി തിങ്കൾ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. കോസ്റ്റ് ഗാർഡും സമാന്തരമായി തിരച്ചിൽ നടത്തി. കരയിലെത്തിച്ച മൂന്നുപേരെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജമേരിയുൾപ്പെട്ട സംഘം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം ഇവരെ വീടുകളിൽ എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home