കോസ്റ്റൽ പൊലീസിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ
‘ഭക്ഷണം കഴിക്കാൻ പോണം; അവർക്ക് ബോയ ഇട്ടുകൊടുക്ക്’

മുതലപ്പൊഴിയിൽ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ബർണബാസും സ്‌മിത്തും

സ്വന്തം ലേഖകൻ
Published on Aug 07, 2026, 11:38 PM | 1 min read
തിരുവനന്തപുരം
‘രണ്ടുപേർ വെള്ളത്തിൽ വീണെന്ന് തീരദേശ പൊലീസിനെ അറിയിച്ചപ്പോൾ, അവർക്ക് ബോയ ഇട്ടുകൊടുക്കാനാണ് പറഞ്ഞത്. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ബോട്ട് ഉപയോഗിച്ച് അവരെ രക്ഷിക്കാമായിരുന്നു. ഭക്ഷണം കഴിക്കാൻ പോണമെന്നാണ് പറഞ്ഞത്. ആ സമയത്ത് അവിടെ എത്തിയിരുന്നെങ്കിൽ രണ്ടുപേരെയും രക്ഷപ്പെടുത്താമായിരുന്നു'– മുതലപ്പൊഴിയിൽ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന സ്‌മിത്തിന്റെയും ബർണബാസിന്റെയും വാക്കുകൾ വിരൽചൂണ്ടുന്നത് ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്‌ചയിലേക്ക്. ബർണബാസിന്റെ ബോട്ടിലാണ് മുതലപ്പൊഴിയിൽ ഫ്രീമോനും ഷിജിനും മീൻപിടിക്കാൻ പോയത്. തീരത്തേക്ക് അടുക്കവേ കനത്ത കാറ്റിൽ വള്ളം ഉലഞ്ഞപ്പോൾ രണ്ടുപേരും കടലിൽ വീഴുകയായിരുന്നു. 31ന് രാത്രി 8.30നാണ് അപകടം. ഒരു അപകടമുന്നറിയിപ്പും കിട്ടിയിരുന്നില്ല. അപകടം കഴിഞ്ഞ് 10.15ന് ശക്തമായ കാറ്റുണ്ടാകുമെന്ന അറിയിപ്പ് തന്നു. കൃത്യസമയത്ത് നിർദേശം തന്നിരുന്നെങ്കിൽ തീരത്തേക്ക് അടുപ്പിക്കില്ലായിരുന്നുവെന്ന് ബർണബാസ് പറഞ്ഞു. ആദ്യത്തെ രണ്ടുദിവസംമാത്രമാണ് ചെറിയ രീതിയിൽ തിരച്ചിൽ നടത്തിയത്. പിന്നീട് ഒരു സർക്കാർസംവിധാനവും ഇടപെട്ടിട്ടില്ല. തീരദേശ പൊലീസിനോട് ചോദിക്കുമ്പോൾ, ‘ഞങ്ങൾ എന്തുചെയ്യാനാണ്’ എന്നാണ് മറുപടി. സ്വന്തം നിലയിലാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നതെന്ന് ഇവർ പറഞ്ഞു. ‘രണ്ടുദിവസംമുമ്പ് തിരച്ചിലിന് സർക്കാരിൽനിന്ന് ആളുകളെ എത്തിച്ചിരുന്നു. രാവിലെ വരുമെന്നു പറഞ്ഞ അവർ വന്നപ്പോൾ വൈകിട്ട് നാലായി. നല്ല നിലയിൽ കടൽ അടിക്കുന്ന സമയമാണത്. ഒരുപ്രാവശ്യം മുങ്ങിയിട്ട്, ഒന്നും കാണാൻ പറ്റുന്നില്ലെന്നു പറഞ്ഞ് അവർ തിരിച്ചുപോയി’– മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.








0 comments