ad
Deshabhimani

പഠനമില്ലാതെ അധിക പ്ലസ്‌ വൺ ബാച്ചുകൾ

പാലാട് പുതിയ ബാച്ചിൽ 8 കുട്ടികൾമാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2026, 12:35 AM | 1 min read

സ്വന്തം ലേഖകൻ

എടക്കര

പ്രവേശനം നേടാനുള്ള സമയം അവസാനിച്ചപ്പോൾ എടക്കര പാലാട് ഇഎംഒ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബാച്ചിൽ എട്ട് കുട്ടികൾമാത്രം. പ്ലസ് വൺ കൊമേഴ്സ് (കോമ്പിനേഷൻ കോഡ്– 39) രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച കുട്ടികൾക്ക് ചേരാനുള്ള സമയം ബുധൻ അവസാനിച്ചിരുന്നു. എട്ട് കുട്ടികൾമാത്രമാണ് സ്ഥിര പ്രവേശനം നേടിയത്. കുറഞ്ഞത് 25 കുട്ടികളുണ്ടെങ്കിലേ ബാച്ച് ആരംഭിക്കാൻ സാധിക്കൂ. സർക്കാർ ബാച്ച് അനുവദിച്ചതിനുശേഷം സ്കൂൾ ട്രാൻസ്ഫറും അലോട്മെന്റും കഴിഞ്ഞു. എന്നിട്ടും എട്ട് കുട്ടികൾമാത്രമാണ് എത്തിയത്‌. തൊട്ടടുത്ത സർക്കാർ സ്കൂളിൽനിന്നെല്ലാം പ്രത്യേക ടീമിനെ നിയോഗിച്ച് ക്യാൻവാസ് ചെയ്തിട്ടും കുട്ടികളെ ലഭിച്ചിട്ടില്ല. സർക്കാർ സ്കൂളിനുമുന്നിൽ പ്രചാരണ ബോർഡ് സ്ഥാപിച്ചും ദിനപത്രങ്ങളിൽ പരസ്യംചെയ്തും ക്യാമ്പയിൻ നടത്തിയിരുന്നു. മുസ്ലിംലീഗ് ജില്ലാ കോ ഓര്‍ഡിനേറ്റർ ഇസ്മായിൽ മൂത്തേടമാണ് ഇഎംഒ ഹയർ സെക്കൻഡറി സ്കൂളിന്റെ ജനറൽ സെക്രട്ടറി. നിലമ്പൂർ മണ്ഡലത്തിൽ സർക്കാർ സ്കൂളുകളെല്ലാം ഒഴിവാക്കി പ്ലസ് വൺ അധിക ബാച്ചുകളെല്ലാം മുസ്ലിംലീഗ് മാനേജ്മെന്റുകൾക്കാണ് അനുവദിച്ചത്‌. മണ്ഡലത്തിൽമാത്രം അഞ്ച് എയ്ഡഡ് സ്കൂളിലേക്ക് അധിക ബാച്ച് ലഭിച്ചു. ഇവിടെ സർക്കാർ സ്കൂളിനെ ഒന്നിനെപ്പോലും പരിഗണിച്ചില്ല. ഇതോടെ നിയമനത്തിലൂടെ കോടികൾ കൊയ്യുകയാണ് ലക്ഷ്യമെന്ന്‌ ആരോപണമുയർന്നു. 70 ലക്ഷംമുതൽ ഒരുകോടിവരെ ഓരോ പോസ്റ്റിലേക്കും നിയമനത്തിന് ആവശ്യപ്പെടുന്നുവെന്ന്‌ പരാതിയും ഉയർന്നു. ലീഗ് നേതാവ് ജനറൽ സെക്രട്ടറിയായ പാലാട് സ്കൂളിൽ ബാച്ച് ആരംഭിക്കാൻ കഴിയാത്തതിനാൽ പ്രവേശനം ലഭിച്ച എട്ട് കുട്ടികളുടെയും തുടർ പഠനം അനിശ്ചിതത്വത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home