ad
Deshabhimani

ചാലിയാര്‍ സര്‍വീസ് ബാങ്കിലെ നിയമന വിവാദം

കോണ്‍ഗ്രസില്‍ കലഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2026, 12:41 AM | 1 min read

നിലമ്പൂർ

യുഡിഎഫ് ഭരിക്കുന്ന ചാലിയാർ സർവീസ് സഹകരണ ബാങ്കിലെ ശിപായി തസ്തികയിലേക്കുള്ള നിയമനത്തെ ചൊല്ലി കോൺഗ്രസിൽ രൂക്ഷമായ ഭിന്നത. നിയമന വിവാദത്തെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ് രാജിക്കൊരുങ്ങി. ഡിസിസി ജനറൽ സെക്രട്ടറി എം കെ ഹാരിസ് ബാബുവിന്റെ ഭാര്യയെ ശിപായി തസ്തികയിലേക്ക് നിയമിക്കാനുള്ള ഡയറക്ടർ ബോർഡിന്റെ തീരുമാനമാണ് വിവാദത്തിന് കാരണം. നിലവിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷിന്റെയും ആദിവാസി മേഖലയിലെ കോൺഗ്രസിന്റെ യുവമുഖമായ ശ്യാംജിത്ത് പാലക്കയത്തിന്റെയും ഭാര്യമാരും ഇതേ തസ്തികയിലേക്ക് അപേക്ഷകരായിരുന്നു. കാൽനൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഹാരിസ് ബാബുവും തോണിയിൽ സുരേഷും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. കഴിഞ്ഞ മാസം 31-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഹാരിസ് ബാബുവിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമനകാര്യത്തിൽ ബാങ്ക് പ്രസിഡന്റ് സ്വജനപക്ഷപാതം കാണിച്ചെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് തോണിയിൽ സുരേഷിന്റെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബിനും രാജിക്കത്ത് നൽകിയതായാണ് സൂചന. വിഷയത്തിൽ പാർടി നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവരെ അവഗണിക്കുന്നതിനെതിരെ ഉന്നതി നിവാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് ശ്യാംജിത്ത് പാലക്കയത്തിന്റെ നേതൃത്വത്തിൽ ആലോചന. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോണിയിൽ സുരേഷിന് സീറ്റ് നിഷേധിച്ചിരുന്നുവെന്നും അതിന് പകരമായി ബാങ്കിൽ നിയമനം നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെന്നുമാണ് സുരേഷ് അനുകൂലികളുടെ ആരോപണം. നിയമന വിവാദം മുസ്ലിംലീഗിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ശിപായി തസ്തിക ലീഗ് പ്രവർത്തകർക്ക് നൽകണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്. ബാങ്ക് വിവാദം യുഡിഎഫ് മുന്നണിക്കുള്ളിൽ പിളർപ്പിന് വഴിവയ്ക്കുമെന്ന ആശങ്കയാണ് മുതിർന്ന നേതാക്കൾക്കുള്ളത്. വിവാദം നിലനിൽക്കുന്നതിനിടെയാണ് ഹാരിസ് ബാബുവിന്റെ ഭാര്യ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home