print edition ലക്ഷ്യം സാമ്പത്തികനേട്ടം; തപാൽ പാഴ്‌സൽ സേവനത്തിന് മുൻകൂർ കരാർ

പ്രതീകാത്മക ചിത്രം
കണ്ണൂർ: ഉപഭോക്താക്കളുടെ പണം മുൻകൂറായി കൈപ്പറ്റാൻ തപാൽവകുപ്പ് സേവനങ്ങൾ കരാർവൽക്കരിക്കുന്നു. പാഴ്‌സൽ നിരക്ക് കുത്തനെ വർധിപ്പിച്ചപ്പോഴും മുൻകൂർ സേവനനിരക്ക് നാമമാത്രമായാണ് കൂട്ടിയത്. കൂടുതൽപേർ സംവിധാനത്തിലേക്ക് എത്തുന്നതോടെ നിരക്ക് ഘട്ടംഘട്ടമായി ഉയർത്താനാണ് നീക്കം.
സാധാരണ പാഴ്‌സലിനുള്ള കുറഞ്ഞ നിരക്ക് 44 രൂപയിൽ നിന്ന് 77 രൂപയാക്കി. 33 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതേസമയം മുൻകൂർ കരാർവ്യവസ്ഥയിൽ അയക്കുന്നതിന് 500ഗ്രാംവരെ ഒരേ പിൻകോഡ് പരിധിയിൽ 27രൂപയും സംസ്ഥാനത്തിനകത്ത് 31 രൂപയും ഇതരസംസ്ഥാനത്തേക്ക് 35 രൂപയുമാണ്. ഇതുതന്നെ സീപ്‌ഡ് പോസ്‌റ്റ് സംവിധാനത്തിൽ യഥാക്രമം 28, 36, 47 രൂപ. എന്നാൽ റീട്ടെയിൽ സംവിധാനത്തിൽ യഥാക്രമം 28, 65,72 രൂപ നൽകണം. ഏതാണ്ട് ഇരട്ടിയോളമാണ് വർധന.
പുതുക്കിയ താരിഫ് പ്രകാരം സാദാ പാഴ്‌സലിന് ഒരുകിലോക്ക് മുൻകൂർ കരാറിന് യഥാക്രമം 31, 44, 57 രൂപയാണെങ്കിൽ സ്‌പീഡ് പോസ്‌റ്റിന് 31,49,71 രൂപ. എന്നാൽ റീട്ടെയിലർക്ക് 48,91,114 രൂപ വീതം നൽകണം. സ്‌പീഡ് പോസ്‌റ്റ് ആണെങ്കിൽ 48, 101,137രൂപയാണ് നിരക്ക്. നിരക്കിൽ വൻ വ്യത്യാസമുള്ളതിനാൽ ഭാവിയിൽ കൂടുതൽപേരും മുൻകൂർ കരാറിലേക്ക് മാറും. നേരത്തെ രണ്ട് കിലോയ്‌ക്ക് മുകളിൽ മാത്രമാണ് പാഴ്‌സൽ സംവിധാനമുണ്ടായിരുന്നത്. ഇതാണ് ഗ്രാം അനുസരിച്ചുള്ള സ്ലാബിലേക്ക് മാറിയത്. ലാഭം സർക്കാർ കൊണ്ടുപോകുന്പോൾ ഭാരം മുഴുവൻ പേറേണ്ടിവരുന്നത് താഴേക്കിടയിലുള്ള ജീവനക്കാരാണ്.
മുൻകൂർ കരാർ
മുൻകൂർ കരാർ വ്യവസ്ഥയിൽ സേവനം ലഭിക്കാൻ സബ് ഡിവിഷൻ ഓഫീസുകളിൽ രജിസ്‌റ്റർചെയ്യണം. മിനിമം 100 രൂപയടച്ച് ആധാർ കാർഡ്, പാൻകാർഡ് എന്നിവയുമായി പോസ്‌റ്റ് ഓഫീസിലെത്തി 10 അക്ക വ്യക്തിഗത തിരിച്ചറിയൽ നന്പർ കൈപ്പറ്റിയാൽ മതിയാകും. ഇവർക്ക് തപാൽ ബാർകോഡ് മുൻകൂറായി നൽകും. അയക്കുന്ന ആളുടെയും ലഭിക്കേണ്ടുന്നയാളുടെയും വിലാസത്തിനൊപ്പം കവറിൽ 10 അക്ക വ്യക്തിഗത തിരിച്ചറിയൽ നന്പറും രേഖപ്പെടുത്തി തപാൽ ഓഫീസിലെത്തിച്ചാൽ മതി. അധികം പാഴ്‌സലുകളുണ്ടെങ്കിൽ പിക്ക് അപ്പ് സൗകര്യവുമുണ്ട്. ഡാക് സേവക് ആപ്പുവഴി ട്രാക്കിങ് ഉൾപ്പെടെ മനസിലാക്കാം. മുൻകൂറടച്ച തുകയിൽനിന്ന് കുറവുചെയ്യുന്ന രീതി കേന്ദ്രസർക്കാറിന് നേട്ടമുണ്ടാക്കും.










0 comments