print edition ബംഗാളിലെ ആക്രമണം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രൂപത മുഖപത്രം

പശ്ചിമബംഗാളിൽ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ക്രൈസ്തവർ
തൃശൂർ: ബിജെപി അധികാരത്തിലെത്തിയശേഷം പശ്‌ചിമബംഗാളിൽ ക്രൈസ്‌തവർക്കെതിരായ ആക്രമണം വർധിക്കുകയാണെന്ന് കത്തോലിക്കസഭ രൂപത മുഖപത്രം. ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’യുടെ ആഗസ്‌ത് ലക്കത്തിലാണ് ബിജെപിക്കെതിരെ ശക്തമായ വിമർശമുയർത്തിയത്.
പശ്‌ചിമബംഗാളിലെ പല ഭാഗങ്ങളിലും ക്രിസ്‌ത്യൻ പള്ളികൾക്കും പ്രാർഥനാലയങ്ങൾക്കും കോൺവെന്റുകൾക്കും കന്യാസ്‌ത്രീകൾക്കുമെതിരായ ആക്രമണം വർധിക്കുകയാണ്. ജൂലൈയിൽമാത്രം അഞ്ചിടത്ത് ക്രൈസ്‌തവ വിശ്വാസികൾ ആക്രമിക്കപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായ വർഗീയ അജൻഡയുടെ ഭാഗമാണത്. വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നോർത്ത് 24 പർഗാനാസ്, വെസ്റ്റ് മിഡ്‌നാപൂർ, ഇൗസ്‌റ്റ് ബർദ്വാൻ ജില്ലകളിലെ അഞ്ചിടത്താണ് ആക്രമണമുണ്ടായത്. പള്ളിയിലെ വസ്‌തുവകകൾ നശിപ്പിച്ചു. ഫോണുകളും രേഖകളും പിടിച്ചെടുത്തു. പണവും കവർന്നു. മതപരിവർത്തനം നടത്തിയെന്ന ആരോപണം വ്യാജമാണ്. നോർത്ത് 24 പർഗാനാസിൽ കന്യാസ്‌ത്രീ മഠത്തിൽ അറുപതോളം ഹിന്ദുത്വവാദികൾ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടു. പ്രാർഥനാലയവും സെമിത്തേരിയും പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ടു– മുഖപത്രം പറയുന്നു.
ഗ്രഹാം സ്‌റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാസിങ്ങിനെ ശിക്ഷയിളവുനൽകി വിട്ടയക്കാനുള്ള ഒഡിഷ സർക്കാരിന്റെ നീക്കത്തെയും മുഖപത്രം അതിരൂക്ഷമായി വിമർശിച്ചു.










0 comments