കായനാട് പാറമടയിൽ വീണ്ടും മണ്ണിടിച്ചിൽ

മാറാടി കായനാട് മലയിലെ പാറമടയിൽ വീണ്ടും മണ്ണ് ഇടിയുന്ന ദൃശ്യം
മൂവാറ്റുപുഴ
മാറാടി പഞ്ചായത്തിൽ കായനാട് മലയിലെ പാറമടയിൽ മണ്ണിടിച്ചിൽ തുടരുന്നതുമൂലം ജനങ്ങൾ ആശങ്കയിൽ.
പഞ്ചായത്ത് 14–-ാം വാർഡിൽ കായനാട് പടിഞ്ഞാറെമലയുടെ താഴെ പൊട്ടറുകാട് ഭാഗത്തുള്ള പഴയ പാറമടയിലേയ്ക്കാണ് വെള്ളിയാഴ്ചയും തുടർച്ചയായി മണ്ണിടിഞ്ഞത്. വലിയകല്ലുകൾ ഉൾപ്പെടെയാണ് മണ്ണ് ഇടിയുന്നത്. ഉറപ്പില്ലാത്ത മണ്ണായതിനാൽ മഴയിൽ 100 അടിയിലേറെ ഉയരമുള്ള മലയിടിയുമെന്ന ഭീതിയിലാണ് നാട്ടുകാർ.
പാറമടയുടെ മുകളിലെ പൈനാപ്പിൾ തോട്ടത്തിന്റെ ഭാഗം ഉൾപ്പെടെയാണ് വെള്ളി പകൽ മൂന്നോടെ വലിയ ശബ്ദത്തിൽ ഇടിഞ്ഞത്. വ്യക്തിയുടെ സ്ഥലത്താണ് പാറമട. എതിർവശത്തുള്ള പൈനാപ്പിൾ തോട്ടത്തിനും കെട്ടിടത്തിന് മുകളിലേക്കും വെള്ളം കുതിച്ചെത്തി. ഇവിടെയുണ്ടായിരുന്നവർ ഓടിമാറി. ഇപ്പോൾ പാറമടയും ചേർന്നുള്ള ശൂലം തോടും ചേർന്നൊഴുകുന്ന സ്ഥിതിയാണ്. പാറമടയ്ക്ക് മുകളിലൂടെയുള്ള പടിഞ്ഞാറേമല റോഡിനും മലയിടിച്ചിൽ ഭീഷണിയാണ്.
വ്യാഴം വൈകിട്ട് നാലോടെ വലിയ ശബ്ദത്തോടെ രണ്ടുതവണ മണ്ണിടിഞ്ഞു. മലയിൽനിന്നുള്ള ചെറിയ നീരുറവകൾ മഴയിൽ ശക്തിയായൊഴുകി കൂടുതൽ ഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. മാറാടി പഞ്ചായത്ത് അധികൃതർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പധികൃതർ, മാറാടി വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.










0 comments