ad
Deshabhimani

അട്ടിമറിയെന്ന് ഉടമ

പട്ടത്ത് ഫർണിച്ചർ 
ഗോഡൗണിൽ തീപിടിത്തം

furniture godown.jpg

പട്ടത്ത് ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടിത്തം

avatar
സ്വന്തം ലേഖകർ

Published on Aug 16, 2026, 11:10 PM | 1 min read

പാളയം/തിരുവനന്തപുരം

ഫർണിച്ചർ കടയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. ആളപായമുണ്ടായില്ലെങ്കിലും കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ഞായർ രാവിലെ 10.30നാണ് പട്ടം പ്ലാമൂട്ടിലെ ജോയ് ഫർണിച്ചറിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. തിരുവനന്തപുരം, ചാക്ക, കഴക്കൂട്ടം നിലയങ്ങളിലെ 30 അഗ്നിരക്ഷാ സേനാംഗങ്ങൾ ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ഉയർന്നപ്പോൾ പരിസരത്തുണ്ടായിരുന്നവരാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. 20 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചിലരെ സംശയിക്കുന്നതായും ഉടമ ജോയ് എബ്രഹാം പറയുന്നു. തന്റെയും സഹോദരന്മാരുടെയും ഫർണിച്ചർ സ്ഥാപനത്തിനുനേരെ മൂന്നുതവണ തീപിടിത്തമുണ്ടായിരുന്നു. ബിസിനസിന് ഭീഷണിയുണ്ടെന്ന് കാട്ടി മൂന്നുദിവസംമുമ്പ് മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടാകുമ്പോൾ കടയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാൽ ഷോർട്ട് സർക്യൂട്ടിന്‌ സാധ്യതയില്ലെന്ന് ജോയ്‌ പറഞ്ഞു. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. ഗോഡൗണിൽ മെത്തകൾ, ചൂരൽക്കസേരകൾ, ​തടി മേശകളടക്കം നിരവധി സാധനങ്ങളാണ്‌ സൂക്ഷിച്ചിരുന്നത്‌. മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. പുക ഉയരുന്നതുകണ്ട് സമീപവാസികൾ റോഡിലേക്കിറങ്ങി ഓടി. ഗോഡൗണിലേക്ക്‌ ഇടുങ്ങിയ വഴിയായതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. സമീപത്തെ കടകളടക്കം ഒഴിപ്പിച്ചു. ഗോഡൗണിന്റെ പ്രവർത്തനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് അഗ്നിരക്ഷാസേന പറയുന്നു. തൊട്ടടുത്തായിരുന്നു പട്ടം റോയൽ ഹോട്ടലിലെ തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജ്. ഈ ലോഡ്ജിലെ ഒരു മുറി പൂർണമായി കത്തിനശിച്ചു. മുറിയിൽ താമസിക്കുന്ന തൊഴിലാളി ജോലിക്കുപോയിരുന്നതിനാൽ ആളപായമുണ്ടായില്ല. ഗേഡൗണിന് തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home