കശുവണ്ടിത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം
അടച്ചുപൂട്ടിയ ഫാക്ടറികള്‍ തുറക്കണം

കശുവണ്ടിത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 16, 2026, 11:39 PM | 1 min read
കിളിമാനൂര്‍
അടച്ചുപൂട്ടിയ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് കശുവണ്ടിത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖലയില്‍ വര്‍ഷത്തില്‍ 200 ദിവസം തൊഴിലും കൂലിയും നൽകുക, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴിലാളിവിരുദ്ധ നിയമം കേരളത്തില്‍ നടപ്പാക്കരുത്, ക്ഷേമപെന്‍ഷന്‍ വിതരണം നിലവിലുള്ള രീതിയിൽ തുടരുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കിളിമാനൂർ ആർട്ട് ഗാലറിയിൽ ചേർന്ന സമ്മേളനം കാഷ്യു വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ ഷാജഹാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി രാജു റിപ്പോർട്ട് അവതരിപ്പിച്ചു. എൽ ഷീജ രക്തസാക്ഷി പ്രമേയവും എ ഷിലോസ് അനുശോചന പ്രമേയവും ജിതിൻ ചന്ദ്, എം നജീം, അനിൽകുമാർ എന്നിവർ അനുസ്‌മരണ പ്രമേയങ്ങളും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ രാമു, സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ ഷൈജുദേവ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മടവൂര്‍ അനില്‍, ജി വിജയകുമാര്‍, സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, സിഐടിയു ഏരിയ സെക്രട്ടറി കെ വത്സലകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജി രാജു പ്രസിഡന്റ് ഷാജഹാന്‍ സെക്രട്ടറി കശുവണ്ടിത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റായി ജി രാജുവിനെയും സെക്രട്ടറിയായി ഇ ഷാജഹാനെയും തെരഞ്ഞെടുത്തു. ശ്രീജ ഷൈജുദേവ്, കാരേറ്റ് രാജേന്ദ്രന്‍, ഡി സാബു, ഷൈജുദേവ്, എ ഷിലോസ് പകല്‍ക്കുറി, സ്നേഹ, വസന്ത, അനില്‍കുമാര്‍ ഭരതന്നൂര്‍ (വൈസ് പ്രസിഡന്റുമാർ), ജിതിന്‍ ചന്ദ്, എം നജീം, ശാലിനി, അനില്‍കുമാര്‍, റീന, ആര്‍ മോഹന്‍ (ജോയിന്റ് സെക്രട്ടറിമാർ), എല്‍ ഷീജ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികൾ.









0 comments