കാരോട് ബെെപാസിൽ
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കോവളം
കഴക്കൂട്ടം കാരോട് ദേശീയപാതയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പാറവിള വട്ടവിള വീട്ടിൽ ആർ വി പ്രദീപ് ചന്ദ്രൻ (കുഞ്ഞുമോൻ, 51) ആണ് മരിച്ചത്. ശനി രാത്രി 11.50ന് ബൈപാസിൽ വാഴമുട്ടം ട്രാഫിക് സിഗ്നൽ ജങ്‌ഷനിലായിരുന്നു അപകടം. കോവളത്തെ സ്വകാര്യ ഹോട്ടലിലെ ജോലിക്കുശേഷം വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ കടന്ന് പാറവിളയിലേക്ക് തിരിയുന്ന സമയം തിരുവല്ലം ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ കാറമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. വാഴമുട്ടം സ്‌കൂളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന തിരുവല്ലം പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. റോഡിൽ മുഖമടിച്ച് വീണ പ്രദീപ് ചന്ദ്രൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുവല്ലം പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കാരം നടത്തി. ഭാര്യ: രാജിമോൾ. സഹോദരങ്ങൾ: ദിലീപ് ചന്ദ്രൻ, പ്രഫുല്ല ചന്ദ്രൻ.









0 comments