ഓണം കടുപ്പിച്ച് വിലക്കയറ്റം

ആരതി ബി എസ്
Published on Aug 16, 2026, 11:44 PM | 1 min read
തിരുവനന്തപുരം
മലയാളിയുടെ ഓണപ്പൊലിമയിൽ ഇത്തവണ വിലക്കയറ്റത്തിന്റെ ഇടിത്തീ. അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി എല്ലാത്തിനും വില ഉയർന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പൂക്കൾക്കും പൊള്ളുംവില. ഓണം കഴിയുമ്പോഴേക്കും സാധാരണക്കാരന്റെ പോക്കറ്റ് പൂർണമായും ചോരുന്ന സ്ഥിതിയാണ്. പൊതുവിപണിയിൽ ഇടപെടൽ നടത്തി വിലക്കയറ്റം തടയുമെന്ന സർക്കാർ പ്രഖ്യാപനങ്ങൾ ഫലംകണ്ടില്ല. ചില്ലറ വിപണികളിൽ സാധനങ്ങൾക്ക് അഞ്ചുമുതൽ 10 വരെ രൂപ അധികം നൽകേണ്ടി വരുന്നതിനാൽ ഇത്തവണ ഓണം കടുക്കും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അരിയടക്കമുള്ളവയ്ക്ക് ഒറ്റയടിക്ക് വില കൂടി. 60 ആയിരുന്ന മട്ട വടി അരിക്ക് ഞായറാഴ്‌ചയോടെ 64 ആയി. 52 രൂപയായിരുന്ന പഞ്ചസാരയുടെ വിലയിൽ ആറുരൂപയാണ് വർധന. മുളകിനും മല്ലിക്കും 10 രൂപ വീതം കൂടി. മുളകിന് കിലോ 290, മല്ലി 200. സവാള വില 35ൽനിന്ന് 45ലേക്ക് കുതിച്ചു. വെളിച്ചെണ്ണ 240 മുതൽ ലഭിച്ചിരുന്നതാണ് 300ലേക്ക് കടന്നത്. കഴിഞ്ഞ ഓണക്കാലത്ത് സപ്ലൈകോ, കൺസ്യൂമർഫെഡ് ചന്തകൾ വഴിയാണ് വിലക്കയറ്റം തടയാൻ സർക്കാർ പ്രവർത്തിച്ചത്. ചരിത്ര വിൽപ്പനയുണ്ടായി. സപ്ലൈകോ വഴി 386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് നടന്നു. സബ്സിഡി ഇനത്തിൽ 180 കോടിയും നോൺ സബ്സിഡി ഇനത്തില്‍ 206 കോടിയും. കൂടുതൽ സാധനങ്ങൾ എത്തിച്ചും അധിക സബ്‌സിഡി നൽകിയും വിപണനം പ്രോത്സാഹിപ്പിച്ചതോടെ ജനങ്ങൾക്ക് മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ എൽഡിഎഫ് സർക്കാരിനായിരുന്നു.










0 comments