ad
Deshabhimani

ഓർമകളിൽ പൂപൊലിച്ച കാലം

s

പൂത്തുനിൽക്കുന്ന ഓണപ്പൂക്കൾ. വേങ്ങര വെട്ടുതോടുനിന്നുള്ള കാഴ്ച

avatar
കെ കെ രാമകൃഷ്ണൻ

Published on Aug 17, 2026, 12:40 AM | 1 min read

വേങ്ങര

മുറ്റത്ത് മൺതിട്ടകെട്ടി ചാണകം മെഴുകി തറയൊരുക്കും. കുട്ടികൾ വട്ടിയിലും കുമ്പിളിലുമായി തലേന്നേ പൂക്കൾ ശേഖരിച്ചിട്ടുണ്ടാകും. തുമ്പ, കണ്ണാന്തളി, മുക്കുറ്റി, കാക്കപ്പൂവ്, തെച്ചി, അരിപ്പൂവ് എന്നിവയാണ്‌ പ്രധാനം. കൂട്ടുകൂടിയും പാട്ടുപാടിയും ഒരുമിച്ച്‌ പറിച്ചുകൊണ്ടുവരുന്ന നാട്ടുപൂക്കൾകൊണ്ട്‌ ഒരുക്കിയ ആ അത്തപ്പൂക്കളം ഇന്ന് ഗൃഹാതുരുത്വം തുളുമ്പുന്ന ഓർമമാത്രം. പൂക്കളത്തിന്റെ സ്റ്റൈൽ മാറിയപ്പോൾ നാട്ടുപൂക്കൾ എങ്ങോ പോയ് മറഞ്ഞു. ഇന്ന്‌ കൂട്ടുകൂടിയുള്ള പൂപറിക്കലില്ല, പൂപ്പൊലി പാട്ടുകളുമില്ല. പണം കൊടുത്തേ വാങ്ങുന്ന പൂക്കളാണ്‌ കളംനിറയ്‌ക്കുന്നത്‌.

മുന്പ്‌ മുറ്റത്തെ പൂക്കളത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു തുമ്പ. ഔഷധപ്രാധാന്യമുള്ള തുമ്പ ഒക്ടോബർ കഴിയുന്നതോടെ അപ്രത്യക്ഷമാകും. കറുപ്പുകലർന്ന വയലറ്റും വെള്ളയും ചേർന്ന കണ്ണാന്തളിപ്പൂക്കൾ പുൽമേടുകളിലും ചെരുവുകളിലും വളർന്നിരുന്ന ചെടിയാണ്. പഴയകാലത്ത് മുസ്ലിം സ്ത്രീകൾ ധരിച്ചിരുന്ന വെളുത്ത മുണ്ടിന്റെ (വെള്ളകാച്ചി) കരയെ സൂചിപ്പിക്കുന്ന നിറമായതിനാൻ ജില്ലയിൽ ഇതിന് കാച്ചിപ്പൂവ് എന്നും പേരുണ്ട്. ദശപുഷ്പങ്ങളിൽ പ്രധാനിയും ഔഷധയോഗ്യമായതുമാണ് മുക്കുറ്റി. മുക്കറ്റി പാടേ പോയ് മറഞ്ഞിട്ടില്ലെങ്കിലും കൂട്ടത്തോടെ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച വിരളമാണ്. കറുപ്പ് കൂടിയ വയലറ്റ് നിറമുള്ള കാക്കപ്പൂവ് തിരികൾപോലെയുള്ള കുലകളിൽനിന്നുമാണ് വിരിയുന്നത്. പൂജക്കും ഔഷധത്തിനും ഉപയോഗിച്ചിരുന്ന തെച്ചി മേടുകളിലും വെളിമ്പറമ്പുകളിലും ധാരാളമായിരുന്നു. തൃക്കാക്കരയപ്പന്റെ തലയിൽ ചൂടുന്നതിനും പൂക്കളത്തിലും തെച്ചി നിറഞ്ഞിരുന്നു. വേലിപ്പടർപ്പുകളോട് ചാരിവളർത്തിയിരുന്ന അരിപ്പൂക്കൾക്ക് മഞ്ഞകലർന്ന ചുവപ്പുനിറമാണ്. വേലിപ്പടര്‍പ്പിൽ വളർന്നതിനാൽ വേലിച്ചെടി എന്നും പേരുണ്ട്. അരിപ്പൂക്കൾ ഇന്ന് കാട്ടുപ്രദേശങ്ങളിലെമാത്രം കാഴ്‌ചയാണ്‌. ഓണപ്പൂവ്‌ പുതിയ തലമുറയ്‌ക്ക്‌ പരിചിതംപോലുമല്ല. ഓണം വിളംബരംചെയ്തുകൊണ്ട് പ്രത്യക്ഷപ്പെടുന്ന പൂവായതിനാലാണ്‌ ഇൻപേഷ്യൻസ് കൈനേസിസിന്‌ ഓണപ്പൂവ് എന്ന പേരുകിട്ടിയത്‌. എല്ലാവർഷവും കർക്കടകത്തിലും ചിങ്ങത്തിലും പറമ്പുകളിൽ സമൃദ്ധമായി പൂത്തുനിൽക്കുന്ന ഓണപ്പൂക്കൾ ഇന്ന്‌ പലർക്കും ഓർമമാത്രമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home