ad
Deshabhimani

മെഡി. കോളേജ് വെന്റിലേറ്ററിൽ 
തീപിടിച്ചു; രോഗികളെ മാറ്റി ​

fire

തീ അണച്ചശേഷം അഗ്നിശമന സേന ഉദ്യോ​ഗസ്ഥർ ഐസിയുവിൽനിന്ന് പുറത്തിറങ്ങുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 11:41 PM | 2 min read

തിരുവനന്തപുരം

മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്‌ സർജറി ഐസിയുവിൽ വെന്റിലേറ്ററിൽ തീപിടിച്ചതിനെ തുടർന്ന് രോഗികളെ വിവിധ വാർഡുകളിലേക്ക്‌ മാറ്റി. സർജറി ഐസിയു, തൊട്ടടുത്തുള്ള ട്രോമാ ഐസിയു എന്നിവിടങ്ങളിലെ 36 രോഗികളെയാണ് മറ്റിടങ്ങളിലേക്ക്‌ മാറ്റിയത്. ചൊവ്വ രാവിലെ 9.30ഓടെയാണ്‌ ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയ വേണ്ടവരുമായ രോഗികളുള്ള ഐസിയുവിലെ വെന്റിലേറ്റിൽനിന്ന് പുക പടർന്നത്. ഉടൻ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീകെടുത്തി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ്‌ തീപിടിത്തത്തിന് കാരണമെന്നാണ്‌ നിഗമനം. വിവരമറിഞ്ഞ ഉടൻ മന്ത്രി വീണാ ജോർജ്‌ രോഗികളെ സുരക്ഷിതമായി മറ്റ്‌ വാർഡുകളിലേക്ക് മാറ്റാൻ നിർദേശം നൽകി. ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ സ്ഥലത്തെത്തി.


കൃത്യമായ ഏകോപനം; അര മണിക്കൂറിൽ 
സ്ഥിതിഗതികൾ ശാന്തം

മെഡിക്കൽ കോളേജ്‌ സർജറി ഐസിയു വെന്റിലേറ്ററിന്റെ അനുബന്ധ ഭാഗങ്ങളിൽനിന്ന് പുക വ്യാപിച്ച ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയത്‌ കൃത്യമായ ഏകോപനത്തിൽ. ആരോഗ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഏകോപനത്തിൽ ആശുപത്രി ജീവനക്കാർ മുതലുള്ളവർ ഒറ്റക്കെട്ടായി 30 മിനിട്ടിനുള്ളിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും രോഗികളെ മാറ്റി. തീപടർന്ന സർജറി ഐസിയു, അടുത്തുള്ള ട്രോമാ ഐസിയു എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന 36 രോഗികളെ താഴത്തെ നിലയിലെ ജറിയാട്രിക് വാർഡ്, ഏഴ്‌, എട്ട്‌ വാർഡുകൾ എന്നിവിടങ്ങളിലേക്കാണ്‌ മാറ്റിയത്‌. രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെ യഥാസമയം ഇടപെട്ട എല്ലാ വിഭാഗം ജീവനക്കാരെയും മന്ത്രി വീണാ ജോർജ്‌ അഭിനന്ദിച്ചു. വിവരം അറിഞ്ഞയുടൻ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ - കുടുംബക്ഷേമ അഡീഷണൻ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രൈവറ്റ് സെക്രട്ടറി സജീവൻ എന്നിവർ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പുക പടർന്നയുടൻ ജീവനക്കാർ ആശുപത്രിയിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ വി വി രാജേഷ്, കൗൺസിലർമാരായ എസ് പി ദീപക്, എസ് എസ് സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും രോഗികളെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ വിഭാഗത്തിലെയടക്കം ജീവനക്കാർ, ചാക്കയിൽനിന്നും ചെങ്കൽച്ചൂളയിൽനിന്നുമെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ, പൊലീസ്‌ എന്നിവരുടെ വിശ്രമരഹിത പ്രവർത്തനം ശ്രദ്ധേയമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home