പൂക്കൾക്ക് കീശകീറും വില

ചാല മാർക്കറ്റിലെ പൂവിപണി
സ്വന്തം ലേഖകൻ
Published on Aug 18, 2026, 12:00 AM | 1 min read
തിരുവനന്തപുരം
പാടത്തും തൊടിയിലും അലഞ്ഞുകിട്ടുന്ന കാക്കപ്പൂവും മുക്കുറ്റിയും തുന്പയുമൊന്നുമല്ല, മാർക്കറ്റിൽ സുലഭമായുള്ള പൂക്കളാണ് ഓണാഘോഷത്തിൽ താരം. പൊന്നോണത്തെ വരവേൽക്കാമെന്ന് കരുതിയാൽ പൂക്കൾക്ക് കീശകീറും വില. കഴിഞ്ഞ വർഷം കുടുംബശ്രീകളും കാർഷിക കൂട്ടായ്‌മകളും ഏക്കർക്കണക്കിന് പൂക്കൃഷി നടത്തിയിരുന്നു. ഇത്തവണ നാടൻപൂക്കളുടെ വരവ് കുറഞ്ഞു. നാമമാത്രമായി പൂക്കൃഷി നടത്തിയവർ പ്രാദേശികമായി വിൽപ്പനകേന്ദ്രങ്ങളൊരുക്കി. ചന്തയിലേക്ക് നാടൻപൂക്കളുടെ വരവ് നിലച്ചതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കളുടെ വില കുതിച്ചുയർന്നു. അത്തം പിറന്നതോടെ പല പൂവിനും മൂന്നിരട്ടിയായി വില. നാലുദിവസംമുന്പ് കിലോയ്ക്ക് 80 രൂപയായിരുന്ന ജമന്തി തിങ്കളാഴ്‌ച 400ലെത്തി. തെച്ചിക്ക് 100 രൂപ വർധിച്ച് 300 ആയി. റോസയ്ക്ക് നിറവ്യത്യാസമനുസരിച്ച് 50 മുതൽ 100 രൂപവരെ കൂടി. തെങ്കാശി, തോവാള, ബംഗളൂരു, മധുര, ദിണ്ടിഗൽ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും പൂവെത്തുന്നത്. വീട്ടുമുറ്റത്തെ പൂക്കളത്തിനുപുറമേ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും പൂക്കളമത്സരത്തിലേക്ക് പൂവുതേടിയും ആളുകളെത്തുന്നു. നാലുദിവസംകൂടി കഴിയുന്നതോടെ ഇനിയും വില വർധിക്കുമെന്ന് ചാലയിലെ പൂക്കടക്കാരൻ ചന്തു പറഞ്ഞു.
വാടാത്ത ഓണപ്പകിട്ട്
തിരുവനന്തപുരം
മണവും ഗുണവുമില്ല, എന്നാൽ പൂക്കൾ വാടുമെന്ന പേടിയും വേണ്ട. റെഡിമെയ്‌ഡ് പൂക്കളങ്ങളും വിപണിയിലുണ്ട്, നിറം മങ്ങില്ല ദിവസങ്ങളോളം നിൽക്കും. വിവിധ ഡിസൈനുകളിലും നിറങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കിട്ടും. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 350 രൂപ മുതൽ 750 വരെ വിലയുണ്ട്. വിവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് ഹാരം 29 രൂപമുതൽ ലഭിക്കും. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഓണത്തപ്പന് 300 രൂപയും (മൂന്നെണ്ണം), തടിയിൽ തീർത്തവ സെറ്റോടെ (അഞ്ചെണ്ണം) 700 രൂപയുമാണ് വില. ചെറുതും വലുതുമായ മഹാബലി സ്റ്റിക്കറുകൾ വിവിധ മാതൃകകളിൽ ലഭ്യമാണ്. പുലിക്കളി വസ്ത്രങ്ങൾക്ക് 750 രൂപയാണ് വില. പല രൂപത്തിലും നിറത്തിലുമുള്ള പ്ലാസ്റ്റിക് തോരണങ്ങളും വിപണിയിലെത്തി. 250 രൂപമുതലാണ് തോരണങ്ങളുടെ വില. വിപണിയിലെ ഈ റെഡിമെയ്‌ഡ് ഓണപ്പകിട്ടിനുപിന്നിൽ മാറുന്ന ജീവിതശൈലിയുടെ ചിത്രംകൂടിയുണ്ട്. സമയം കുറയുമ്പോൾ ആഘോഷത്തിന്റെ ചാരുത കുറയാതിരിക്കാനുള്ള വഴികളാണ് മലയാളി തേടുന്നത്.










0 comments