print edition ഞങ്ങൾക്ക് സഹായം എവിടെ?

രാജേഷ്
കോട്ടയം: വെള്ളപ്പൊക്കത്തിൽ ചെളികയറിയ വീടുകൾ വൃത്തിയാക്കാൻ 10,000 രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഒരുരൂപ പോലും കോട്ടയം ജില്ലയിലെ ദുരിതബാധിതർക്ക് ലഭിച്ചില്ല. വീടുകളെല്ലാം സ്വന്തംനിലയിൽ വൃത്തിയാക്കേണ്ടിവന്നു. പാലായിലും ഇൗരാറ്റുപേട്ടയിലുമായി നൂറുകണക്കിന് കടകളിൽ വെള്ളം കയറി. ഒരാൾക്കും സഹായധനവും ലഭിച്ചില്ല.
ഇങ്ങനെയല്ല ചെയ്യേണ്ടത്
‘സർക്കാർ ഇങ്ങനെയല്ല ചെയ്യേണ്ടത്. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലെത്തിയിട്ട് ദിവസങ്ങളായി. വിലപ്പെട്ടതെല്ലാം പോയി. ഇനിയും സഹായധനം കിട്ടിയിട്ടില്ല. 2018ലെ വെള്ളപ്പൊക്കത്തിൽ കാലതാമസമില്ലാതെ സഹായധനം ലഭിച്ചിരുന്നു’–നീലിമംഗലം മുണ്ടകത്തിൽ മുബീന ഷെഹീർ പറഞ്ഞു. മുബീനയുടെ ബന്ധു വി കെ ഷീബയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ‘പ്രദേശത്ത് 13 വീട്ടിൽ വെള്ളം കയറി. വീട്ടുസാധനങ്ങൾ പുറത്തുകിടക്കുകയാ. വീട് വൃത്തിയാക്കാനുള്ള സഹായമെങ്കിലും തന്നാൽ നന്നായിരുന്നു’–ഷീബ പറഞ്ഞു.
കടുത്ത വഞ്ചന
‘സർക്കാർ അവഗണിക്കുകയാണ്. സഹായത്തിന് ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകൾ ഉള്ളതുകൊണ്ടാണ് പലർക്കും വീട് വൃത്തിയാക്കാൻ കഴിഞ്ഞത്. പ്രഖ്യാപിച്ച സഹായം സർക്കാർ നൽകാത്തത് വഞ്ചനയാണ്’–തിരുവാർപ്പ് തുമ്പേക്കളം കരുവേലിൽ സൗമ്യ ഷാജി.
താങ്ങില്ലാതെ പറ്റില്ല
ഏലപ്പാറ: ‘വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് മൂന്നുമാസമായി ചികിത്സയിലാണ്. ടാക്‌സി ജീപ്പായിരുന്നു ഉപജീവനം. പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നു. ഭാര്യ ജയകുമാരിക്കും 14കാരി മകൾക്കുമൊപ്പമായിരുന്നു താമസം. വാഗമൺ ഗവ. എച്ച്എസ്എസിൽ ക്യാമ്പ് ആരംഭിച്ചെങ്കിലും ഒരു പരിഗണനയും ലഭിച്ചില്ല. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിലും വീഴ്‍ചയുണ്ടായി. സിപിഐ എം ഇടപെട്ടാണ് ക്യാമ്പ് മുന്നോട്ടുകൊണ്ടുപോയത്. നാരകക്കുഴി സമുദ്ര ഭവനിൽ രാജേഷ് പറയുന്നു. നാരകകുഴി സിഎസ്ഐ പള്ളിവക കെട്ടിടത്തിലാണ് നിലവിൽ കുടുംബത്തിന്റെ താമസം.
ഒരു സഹായവുമില്ല
മഴയിൽ വീട് പൂർണമായി തകർന്ന ഏലപ്പാറ ബോണമി ഒന്നാംഡിവിഷനിലെ മരിയദാസ് ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. ഭാര്യ ശാന്തിക്കും രണ്ട് ചെറിയ കുട്ടികൾക്കുമൊപ്പമാണ് താമസം. ‘പഞ്ചായത്തംഗം ഇടപെട്ട് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഇപ്പോൾ താമസം. സർക്കാരിൽനിന്ന് പ്രതിദിന സഹായമോ 10,000 രൂപയോ ലഭിച്ചില്ല’–മരിയദാസ് പറഞ്ഞു.
ബാക്കിയൊന്നുമില്ല
ഇടുക്കി ഏലപ്പാറ, കൊക്കയാർ മേഖലകളിൽ മഴക്കെടുതിയിൽ വലിയ നാശമാണ് ഉണ്ടായത്. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരിച്ച പ്രഭാകരൻ നായരുടെ സഹോദര പുത്രി, ലീലാമണിയുടെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കം . ലക്ഷങ്ങളുടെ നഷ്‍ടമാണ് ഇവർക്കുണ്ടായത്.










0 comments