print edition തണലൊരുക്കി സ്നേഹപൂർവ്വം

പറപ്പള്ളിക്കുന്ന് ബാലകൃഷ്ണനും കുടുംബവും വീടിനുമുന്നിൽ
അരീക്കോട് (മലപ്പുറം): മഴക്കാറു കാണുമ്പോൾ ഉള്ളുകലങ്ങുന്ന കാലമുണ്ടായിരുന്നു മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തെ പറപ്പള്ളിക്കുന്ന് ബാലകൃഷ്‌ണന്. ആരോഗ്യപ്രശ്‌നങ്ങളുള്ള ഭാര്യ ഷൈനിക്കും നാല് കുട്ടികൾക്കും ഷൈനിയുടെ അമ്മ പത്മാക്ഷിക്കും അച്ഛൻ കുഞ്ഞുകൊച്ചിനുമൊപ്പം വീട്ടിക്കുണ്ടിൽ മലമുകളിലെ പഴയവീട്ടിൽ ആശങ്കയോടെ കഴിഞ്ഞ നാളുകൾ. മഴ കനത്താൽ മണ്ണിടിച്ചിൽ ഭീതിയാണ്.
രോഗിയായ കുഞ്ഞുകൊച്ചിനെ ആശുപത്രിയിലേക്ക് തോളിലേറ്റി മലയിറക്കണം. സുരക്ഷിതസ്ഥലത്ത് വീടുവച്ച് മാറണമെന്ന സ്വപ്‌നം തെങ്ങുകയറ്റത്തൊഴിലാളിയായ ബാലകൃഷ്‌ണന് അകലെയായിരുന്നു.
കുറച്ച് പണം സമ്പാദിച്ച് സ്ഥലം വാങ്ങി. പഞ്ചായത്ത് പദ്ധതിയിൽ വീടിന് അപേക്ഷിച്ചു.
ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കുടുംബത്തിന്റെ ബുദ്ധിമിട്ട് മനസ്സിലാക്കി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ "സ്‌നേഹപൂർവം' പദ്ധതിയിൽ വീട് നിർമിക്കാൻ തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന പി എ മുഹമ്മദ് റിയാസ് കല്ലിട്ടു. കോവിഡ് പ്രതിസന്ധിയിലും നിർമാണം തുടർന്നു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് പണിയെടുത്തത്. രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും ശുചിമുറിയുമുള്ള വീട് 2021ൽ പൂർത്തിയായി. ഇന്ന് ബാലകൃഷ്‌ണനും കുടുംബവും സന്തോഷത്തോടെ കഴിയുകയാണിവിടെ.
ഡിവൈഎഫ്ഐ പ്രവർത്തരെയും മുൻ പ്രവർത്തകരെയുംമാത്രം ഉൾപ്പെടുത്തി മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച പദ്ധതിയാണ് "സ്‌നേഹപൂർവം.' ബ്ലോക്കിൽ ഒരു വീട് എന്നതാണ് പദ്ധതി. പ്രവർത്തകരിൽനിന്ന് 650 രൂപവീതം സമാഹരിച്ചാണ് നിർമാണം. ഇവർതന്നെ കൂലിയില്ലാതെ നിർമാണ ജോലിയിലും സഹായിക്കുന്നു. പദ്ധതിയിൽ 12 വീടുകൾ പൂർത്തിയാക്കി. നേരത്തെയുണ്ടായിരുന്ന "സ്‌നേഹവീട്' പദ്ധതിയുൾപ്പെടെ ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ 23 വീടുകളാണ് നിർമിച്ചുനൽകിയത്.










0 comments