ad
Deshabhimani

നീറ്റിനു പിന്നാലെ നെറ്റ്‌ പരീക്ഷയിലും വീഴ്‌ച

വിദ്യാർഥിരോഷം അലയടിച്ചു

എസ്എഫ്ഐ ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
വെബ് ഡെസ്ക്

Published on Aug 18, 2026, 02:00 AM | 1 min read

കാസർകോട്‌

നീറ്റ്‌ പരീക്ഷയ്‌ക്കു പിന്നാലെ നെറ്റ്‌ പരീക്ഷാ നടത്തിപ്പിലും ഗുരുതരവീഴ്‌ച വരുത്തിയ എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി) നടപടിയിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ആഹ്വാനംചെയ്‌ത രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലും വിദ്യാർഥി രോഷം അലയടിച്ചു. ജൂണിൽനടന്ന യുജിസി നെറ്റ്‌ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ ഗുരുതര പിഴവുകൾ ഉണ്ടായതിനെതുടർന്ന്‌ വീണ്ടും പരീക്ഷ നടത്തുമെന്നാണ്‌ എൻടിഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. ‘എൻടിഎ പിരിച്ചുവിടുക, സുതാര്യവും ഉത്തരവാദിത്തവുമുള്ള പരീക്ഷാ സംവിധാനം ഏർപ്പെടുത്തുക, എൻടിഎയുടെ തുടർച്ചയായ പിഴവുകളെക്കുറിച്ചും ചോദ്യപ്പേപ്പർ അട്ടിമറികളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തുക, വിദ്യാർഥി പ്രതിസന്ധികൾക്ക്‌ കേന്ദ്ര സർക്കാർ ഉത്തരം നൽകുക’ തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ എസ്‌എഫ്‌ഐ സമരം. വിവിധ ദേശീയ പരീക്ഷാ നടത്തിപ്പിലുണ്ടായ തുടർച്ചയായ പരാജയങ്ങളിലൂടെ എൻടിഎ വിദ്യാർഥികളുടെ ഭാവിയെ നിരന്തരം അപകടത്തിലാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതരമായ കഴിവുകേടാണ്‌ വ്യക്തമാവുന്നത്‌. ഇതിന്റെ പ്രത്യാഘാതങ്ങൾ ആവർത്തിച്ച് നേരിടേണ്ടിവരുന്ന വിദ്യാർഥികളുടെ രോഷമാണ് പ്രതിഷേധത്തിൽ പ്രതിഫലിച്ചത്. പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. കാസർകോട്‌ ഹെഡ്‌ പോസ്റ്റോഫീസിനു മുന്നിൽ പൊലീസ്‌ ബാരിക്കേഡുകൾവെച്ച്‌ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. സമരം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പ്രവിഷ പ്രമോദ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷനായി. ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ കവിത കൃഷ്‌ണൻ, പി അഭിചന്ദ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം അനുരാജ്‌ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home