ad
Deshabhimani

print edition ജീവന്റെ വില

DYFI.jpg

വി അനിൽ കുമാർ

വെബ് ഡെസ്ക്

Published on Aug 18, 2026, 12:55 AM | 1 min read

മലപ്പുറം: ചിലസമയത്ത് 350 മില്ലീ ലിറ്റർ രക്തത്തിന് ജീവന്റെ വിലയാണ്‌. നമ്മൾ മാറ്റിവയ്‌ക്കുന്ന 15 മിനിറ്റ്, ആരെന്നോ എന്തെന്നോ അറിയാത്ത സഹജീവിക്ക് തിരിച്ചുനൽകുന്നത്‌ അവരുടെ ജീവനാണ്‌. "രക്തത്തിന് ജാതിയും മതവുമില്ല' എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിൻ സംസ്ഥാനത്ത് വിജയകരമായി മുന്നേറുന്നു. സർക്കാർ ആശുപത്രികളിലെയും ബ്ലഡ് ബാങ്കുകളിലെയും രക്തക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.


രക്തദാനത്തിന് സന്നദ്ധരായ യുവാക്കളുടെ പട്ടിക മേഖലാ കമ്മിറ്റികൾ തയ്യാറാക്കും. ഇതിൽ അപൂർവ രക്തഗ്രൂപ്പ് ഉള്ളവരുമുണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ ഇവർ ഓടിയെത്തും. ബ്ലഡ് ബാങ്കുകളിൽ ക്ഷാമമുണ്ടായാൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.


നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച "100 ദിവസം 1000 യൂണിറ്റ് രക്തം' ക്യാമ്പയിൻ സംസ്ഥാനത്താകെ മാതൃകയായിരുന്നു. ഒരുദിവസം ഒരു പ്രവർത്തകൻ ബ്ലഡ് ബാങ്കിൽ രക്തം നൽകുന്നതാണ് രീതി. സംസ്ഥാനത്ത് കൂടുതൽ രക്തദാനം നടത്തിയ യുവജന സംഘടനയ്‌ക്കുള്ള സർക്കാരിന്റെ പുരസ്‌കാരം തുടർച്ചയായി നേടിയതും ഡിവൈഎഫ്ഐയാണ്.


'ബി പോസിറ്റീവ്'


"മതപരമായ വിശ്വാസത്താൽ രക്തദാനത്തെ എതിർത്ത ഒരാളെന്നെ വിളിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മകന് അത്യാവശ്യമായി ബി നെഗറ്റീവ് രക്തം വേണം. അപൂർവ ഗ്രൂപ്പായതിനാൽ കിട്ടാൻ പ്രയാസം. ആശുപത്രിയിലെത്തി രക്തം നൽകി. തിരിച്ചുപോകാൻനേരം അദ്ദേഹം അടുത്തുവന്നു.


രക്തദാനത്തിനെതിരെ സംസാരിച്ചതിൽ കുറ്റബോധമുണ്ടെന്ന്‌ പറഞ്ഞ്‌ ചേർത്തുപിടിച്ചു' –മലപ്പുറം അങ്ങാടിപ്പുറം പൂപ്പലം സ്വദേശി വി അനിൽകുമാറിന്റെ അനുഭവമാണിത്‌. ഡിവൈഎഫ്ഐ അങ്ങാടിപ്പുറം ഈസ്റ്റ് മേഖലാ സെക്രട്ടറിയും അങ്ങാടിപ്പുറം ടൗണിലെ ചുമട്ടുതൊഴിലാളിയുമായ മുപ്പത്തിരണ്ടുകാരൻ 44 തവണയാണ് രക്തം നൽകിയത്.


അപൂർവ ഗ്രൂപ്പായതിനാൽ രക്തദാന ക്യാമ്പുകളിൽ പങ്കെടുക്കാറില്ല. പക്ഷേ, അത്യാവശ്യഘട്ടങ്ങളിൽ വിളിച്ചാൽ ഓടിയെത്തും. കോളേജ് പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തകനായപ്പോഴാണ് ആദ്യം രക്തദാനം ചെയ്‌തത്‌. പിന്നീട്‌ ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി. ഒരുവർഷം നാലുതവണവരെ നൽകി.


2022, 2023 വർഷങ്ങളിൽ 30 വയസ്സിൽ താഴെയുള്ള രക്തദാതാക്കൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. വട്ടകശേരി വീട്ടിൽ ബാലന്റെയും ജ്യോതിയുടെയും മകനാണ്‌. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമാണ്‌. ഭാര്യ: പ്രിജി. മക്കൾ: അമയ്, ആഗ്നേയ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home