കാഴ്ചകളാസ്വദിക്കാൻ ‘സൗഹൃദക്കൂട്’

മുടപുരം തെങ്ങും വിളയിൽ ഒരുക്കിയ ഓണക്കുടിൽ
പി പ്രദീപ്
Published on Aug 23, 2026, 12:00 AM | 1 min read
ചിറയിന്‍കീഴ്
ഓണക്കാലത്ത് കാഴ്ചകളാസ്വദിക്കാന്‍ കൂടാരമൊരുക്കി സൗഹൃദക്കൂട്ടായ്മ. കിഴുവിലം പഞ്ചായത്തിലെ മുടപുരത്ത് തെങ്ങുംവിള ക്ഷേത്രത്തിന് സമീപമുള്ള പാടശേഖരത്തെ തോടിനു മുകളിലായി നിര്‍മിച്ച ഓണക്കുടിലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്. പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ഉദ്യമമാണിത്. റസിഡന്റ്‌സ് അസോസിയേഷന്റെയും പാടശേഖര സമിതിയുടെയും നാട്ടുകാരുടെയും സഹായവുമുണ്ട്. പാടശേഖരത്തിനു നടുവില്‍ മുഴുവന്‍ ഗ്രാമഭംഗിയും ഒപ്പിയെടുക്കാനാകുംവിധമാണ് നിര്‍മാണം. പരമ്പരാഗതരീതിയില്‍ ഓടുമേഞ്ഞ കുടിലില്‍ ഊഞ്ഞാലും പൂക്കളവുമുണ്ട്. പുതിയ തലമുറ കാണാത്തതും വെള്ളം തേവാൻ ഉപയോഗിച്ചിരുന്നതുമായ ചവിട്ടിക്കറക്കുന്ന ചക്രമടക്കം കാഴ്ചക്കാരെ ആകർഷിക്കുന്നു. ഓണക്കുടിലിലേക്കുള്ള വഴിയുടെ ഇരുഭാഗത്തും ചെണ്ടുമല്ലിപ്പൂക്കളുടെ നീണ്ട നിരയാണ്. സന്ദർശകർക്ക് ഇരിക്കാനാവശ്യമായകൽബെഞ്ചുകളും സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സായാഹ്ന നടത്തത്തിനുമായി നിരവധിപേർ എത്തുന്നു. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മുടപുരത്തെ സഞ്ചാരി സൗഹൃദ ഗ്രാമമാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. റീൽസ് എടുക്കാൻ കഴിഞ്ഞ വർഷം മുളകൊണ്ട് തീർത്ത സംവിധാനം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു.










0 comments