ad
Deshabhimani

അനധികൃത പാർക്കിങ്‌ വർധിച്ചു

അരിസ്റ്റോയിൽ തീരാത്ത 
ഗതാഗതക്കുരുക്ക്‌

അരിസ്‌റ്റോ ജങ്ഷനിൽ അനധികൃതമായി പാർക്കുചെയ്തിരിക്കുന്ന കാറുകൾ

അരിസ്‌റ്റോ ജങ്ഷനിൽ അനധികൃതമായി പാർക്കുചെയ്തിരിക്കുന്ന കാറുകൾ

വെബ് ഡെസ്ക്

Published on Jun 17, 2026, 12:07 AM | 1 min read

തിരുവനന്തപുരം

എംസി റോഡിൽ മോഡൽ സ്കൂൾ ജങ്‌ഷൻമുതൽ തമ്പാനൂർവരെയുള്ള ഭാഗത്ത്‌ ഗതാഗതക്കുരുക്ക്‌ ദിനംപ്രതി വർധിക്കുന്നതിനിടെ, പ്രതിസന്ധി രൂക്ഷമാക്കി അരിസ്റ്റോ ജങ്‌ഷനിലെ അനധികൃത പാർക്കിങ്‌. പ്രധാനറോഡിന്റെ ഇരുഭാഗത്തുമുള്ള പാർക്കിങ്ങും സെൻട്രൽ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾ പോകുമ്പോഴും വരുമ്പോഴുമുള്ള തിരക്കുംമൂലം പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകിട്ടും യാത്രാതടസ്സം പതിവാണ്‌. ഇത്‌ പരിഹരിക്കാൻ ചില സമയങ്ങളിൽമാത്രം തമ്പാനൂരിൽ കൂടുതൽ ട്രാഫിക്‌ പൊലീസ്‌ സേവനം ഏർപ്പെടുത്തിയെങ്കിലും പ്രയോജനമില്ല. അരിസ്റ്റോ റോഡിലും തൈക്കാട്‌ സംഗീത്‌ നഗറിൽനിന്ന്‌ വരുന്ന റോഡിലും തിരക്കേറി. ഇ‍ൗ വാഹനങ്ങൾ തിരിയുന്നതും മോഡൽ സ്കൂൾ ജങ്‌ഷനിൽനിന്ന്‌ വരുന്ന വാഹനങ്ങൾ യുടേൺ തിരിയുന്നതും അരിസ്റ്റോ ജങ്‌ഷനിലാണ്‌. യുടേൺ തിരിയുന്നിടത്ത്‌ അനധികൃത പാർക്കിങ്ങുമൂലം ചെറിയ കാറുകൾപോലും ഒരുശ്രമത്തിൽ തിരിക്കാനാകാത്ത അവസ്ഥയാണ്‌. തിരക്കിനിടയിൽ പിന്നിലേക്കെടുത്ത്‌ പോകേണ്ടതിനാൽ പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നു. കൈരളി തിയറ്ററിന്റെ ഭാഗത്തുനിന്ന്‌ തുടങ്ങി ഗുഡ്‌ലാൻഡ്‌ എലഗൻസ്‌ ഹോട്ടലിലേക്ക്‌ തിരിയുന്നിടത്തും മോഡൽ സ്കൂൾ റോഡിലേക്കുള്ള ഭാഗത്തും അനധികൃത പാർക്കിങ്‌ പതിവാണ്‌. നിരവധി വാഹനങ്ങൾ യുടേൺ എടുക്കുന്ന ഭാഗത്ത്‌ ‘നോ പാർക്കിങ്‌’ ബോർഡുകളുമില്ല. തമ്പാനൂർ ഭാഗത്ത്‌ സർക്കാരിന്റെ പൊതുപരിപാടികൾ നടക്കുമ്പോഴും സെക്രട്ടറിയറ്റിൽ സമരം നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സമയത്തും കുരുക്ക്‌ പതിവിലും വർധിക്കും. ഇതരസംസ്ഥാനങ്ങളിലേക്ക്‌ സർവീസ്‌ നടത്തുന്ന ബസുകൾ പാർക്കുചെയ്യുന്നതും തിരിക്കുന്നതും ഇ‍ൗ ഭാഗങ്ങളിലാണ്‌. സ്ഥിരമായി റോഡരികിൽ പാർക്കുചെയ്യുന്ന നിരവധി കാറുകൾ മോഡൽ സ്കൂൾ ജങ്‌ഷൻമുതൽ തമ്പാനൂർവരെ കാണാം. ‘നോ പാർക്കിങ്' ബോർഡുകൾ സ്ഥാപിച്ച് കർശന നടപടി സ്വീകരിച്ചാൽ മാത്രമേ അരിസ്റ്റോ ജങ്ഷനിലെ വലിയ കുരുക്കിന് പരിഹാരമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home