ജീവിതാന്ത്യത്തിനും ശ്രദ്ധവേണം: ഡോ. എം ആർ രാജഗോപാൽ

തിരുവനന്തപുരം
സാന്ത്വന പരിചരണമേഖല ജീവിതാന്ത്യത്തിനുകൂടി ശ്രദ്ധ കൊടുക്കണമെന്ന് പാലിയേറ്റീവ് കെയർ രംഗത്തെ വിദഗ്‌ധൻ ഡോ. എം ആർ രാജഗോപാൽ. ആരോഗ്യമെന്നുവച്ചാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായുള്ള സൗഖ്യമാണ് എന്നാണ് നിർവചനം. അതിന് പ്രാദേശിക സമൂഹത്തിന്റെ പിന്തുണകൂടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതാന്ത്യം അന്തസ്സോടെ എന്ന വിഷയത്തിൽ സി പിന്റോ സ്‌മാരകപ്രഭാഷണം നടത്തുകയായിരുന്നു രാജഗോപാൽ. മരണം വീട്ടിൽവച്ചോ, ആശുപത്രി മുറിയിൽവച്ചോ മതിയെന്ന് തീരുമാനിച്ചാലും സമൂഹത്തിന്റെ പങ്കാളിത്തമില്ലെങ്കിൽ ഒരുകുടുംബത്തിന് സ്ഥിതി കൈകാര്യം ചെയ്യൽ എളുപ്പമാകില്ല. സാന്ത്വന പരിചരണത്തിൽ സാമൂഹിക പങ്കാളിത്തമുണ്ടായതാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിന് കാരണം. 47 വർഷമായി ലോകാരോഗ്യ സംഘടന പറയുന്ന കാര്യം കേരളത്തിൽ മാത്രമാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. ജി ആർ ഇന്ദുഗോപൻ, പിന്റോ അനുസ്‌മരണം നടത്തി. എം വിജയകുമാർ അധ്യക്ഷനായി. ഒളിമ്പിയ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ആശാവിജയൻ,ഡോ. ജി സജീഷ് തുടങ്ങിയവരും സംസാരിച്ചു. പിന്റോയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രമുഖകരും പങ്കെടുത്തു.









0 comments