ഭാരം താങ്ങാന്‍ ഇ- ഹോളിങ് വാഹനം

വൈദ്യുതീകരിച്ച ഹോളിങ് വാഹനം ട്രാവൻകൂർ ടൈറ്റാനിയത്തിന് കൈമാറുന്നു
കഴക്കൂട്ടം
ടൺകണക്കിന് ഭാരമേറ്റാൻ കഴിയുന്ന ഹോളിങ് വാഹനങ്ങളും ഇനി വൈദ്യുതിയിലോടും. തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങാണ് (സിഇടി) വൈദ്യുതീകരിച്ച ഹോളിങ് വാഹനം (പ്ലാറ്റ്ഫോം ട്രക്ക്) വികസിപ്പിച്ചത്. ഇത് ട്രാവൻകൂർ ടൈറ്റാനിയത്തിന് ബുധനാഴ്ച കൈമാറി. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ ഭാരംകൂടിയ ഉപകരണങ്ങളും എൻജിൻ പാർട്സുകളും മറ്റും നീക്കാൻ വർഷങ്ങളായി ഡീസൽ വാഹനമാണ് ഉപയോഗിച്ചിരുന്നത്. വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്ന ഇത്തരമൊരു വാഹനമാണ് സിഇടി മെക്കാനിക്കൽ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ് ആർ സുരേഷ് ലാലും എംടെക് റിന്യൂവബിൾ എനർജി അവസാന വർഷ വിദ്യാർഥി ഡേവിഡ് സിസിൻ ഇറാനിയോസും ചേർന്ന് നവീകരിച്ചത്. വാഹനങ്ങളെ ചെലവുകുറഞ്ഞ രീതിയിൽ വൈദ്യുതീകരിക്കുന്ന ഇലക്ട്രിക് പവർട്രെയിൻ റീട്രോഫിറ്റ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. എൻജിൻ പാർട്സുകൾ മാറ്റി ഇലക്ട്രിക് മോട്ടോറും ലിഥിയം അയൺ ബാറ്ററിയും ഫിറ്റ് ചെയ്ത് മൂന്ന് ടൺ ഭാരം വഹിക്കാവുന്ന വാഹനമാക്കി മാറ്റി. ഒറ്റ ചാർജിൽ രണ്ടുമണിക്കൂർ ഉപയോഗിക്കാം. സിഇടി പ്രിൻസിപ്പൽ ഡോ. കെ സുരേഷ് വാഹനം ടിടിപിഎൽ ടെക്നിക്കൽ ജനറൽ മാനേജർ എം കെ പ്രഭാകരന് കൈമാറി. ഡോ. എസ് എ ബിനൂഷ്, ഡോ. അഭിലാഷ് സൂര്യൻ, ഡോ. ബൈജു ബഷീർ, ഷാജു ഹരി, ജോൺസൺ പെരേര എന്നിവർ സംസാരിച്ചു.










0 comments