പൈതൃക പാലം സംരക്ഷിക്കാൻ ഡിവൈഎഫ്ഐ

കൂവക്കൂടി പാലം ശുചീകരണം സിപിഐഎം ജില്ല സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വിളപ്പിൽ
വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയ കൂവക്കുടി പാലം സംരക്ഷിക്കാൻ ഡിവൈഎഫ്ഐ. 2017ൽ പുതിയ പാലം വന്നശേഷം പഴയ പാലം കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നെന്ന വിവരത്തിലാണ് ഇടപെടൽ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലം സംരക്ഷിക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് 1904ലാണ് പഴയ കൂവക്കൂടി പാലം നിർമിച്ചത്. വെള്ളനാട് പ്രദേശത്ത് ഈയം നിക്ഷേപമുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് ജർമൻകാർ ഇവിടെ ഖനനം തുടങ്ങുകയും ചെയ്തു. ഈയം കയറ്റി കൊണ്ടുപോകാനാണ് പാലം പണിതത്. നിലവിൽ നിരവധിപേർ പ്രഭാത, സായാഹ്ന നടത്തത്തിനായി പാലം ഉപയോഗിക്കുന്നുണ്ട്. ഓപ്പൺ ജിംനേഷ്യം, വയോജന ക്ലബ്, വിശ്രമ കേന്ദ്രം എന്നിവ പാലത്തിന് സമീപം നിർമിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎയ്ക്കും പഞ്ചായത്ത് ഭരണസമിതിക്കും ഡിവൈഎഫ്ഐ നിവേദനം നൽകി. ഡിവൈഎഫ്ഐ വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂവക്കുടി പാലവും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ എൽ ലിജു, പ്രസിഡന്റ് എസ് ആർ ആദിത്യൻ, റിയാസ് ഖാൻ, വിപിൻ ജോൺ, സന്തോഷ്, എം കെ മേഘ എന്നിവർ പങ്കെടുത്തു.










0 comments