എസ്‌ബിഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2026: അപേക്ഷിക്കാനുള്ള തീയതി നീട്ടി; 7,150 ഒഴിവുകൾ

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2026-ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണ തീയതി നീട്ടി. വിവിധ സംസ്ഥാനങ്ങളിലായി ആകെ 7,150 ഒഴിവുകളിലേക്കാണ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ജൂൺ 15, 2026 വരെ എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ തിരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ആകെ 7,150 (വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി) ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി 20 നും 28 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം (ഉദ്യോഗാർത്ഥികൾ 1998 ഏപ്രിൽ 2-ന് മുൻപോ 2006 ഏപ്രിൽ 1-ന് ശേഷമോ ജനിച്ചവരാകരുത്). ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കാണ് ഈ പ്രായപരിധി ബാധകം.
എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ എന്നീ സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായമിളവ് ലഭിക്കും.
ജനറൽ ആൻഡ് ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.
ഓൺലൈൻ പരീക്ഷ വിജയിക്കുന്നവർ അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരായിരിക്കണം. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഈ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ച് വിജയിച്ച രേഖകൾ ഹാജരാക്കുന്നവരെ ഈ ഭാഷാ പരീക്ഷയിൽ നിന്ന് ഒഴിവാക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്‌ബിഐ നിശ്ചയിക്കുന്ന നിശ്ചിത കാലയളവിലേക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്.
എന്നാൽ ഇവർക്ക് എസ്‌ബിഐയിലെ സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത), വീട്ടുവാടക ബത്ത, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ സേവനാനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല.
ബാങ്കിങ് പ്രവർത്തനങ്ങളിലും കസ്റ്റമർ സർവീസിലും പ്രായോഗിക പരിചയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നത് വഴി എസ്‌ബിഐയിൽ സ്ഥിരം ജോലിക്ക് യാതൊരുവിധ ഉറപ്പും ലഭിക്കില്ല.
വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.









0 comments