ad
Deshabhimani

ആശങ്കയിൽ നഗരം; കുടിവെള്ളം
ഇനി 17 ദിവസത്തേക്കു മാത്രം

pipe
avatar
ബിമൽ പേരയം

Published on Apr 28, 2026, 11:22 PM | 1 min read

തിരുവനന്തപുരം

കടുത്ത വേനലിൽ കരമനയാർ വരണ്ടു. ഇനി കുടിവെള്ള വിതരണം നടത്താനാകുന്നത്‌ 17 ദിവസംമാത്രം. മെയ്‌ ആദ്യവാരത്തിൽ വേനൽമഴ ശക്തമായി ലഭിച്ചില്ലെങ്കിൽ നഗരത്തിലേക്കുള്ള കുടിവെള്ളം പൂർണമായും നിലയ്‌ക്കും. കുടിവെള്ളം പന്പിങ്‌ നടക്കുന്ന അരുവിക്കര ഡാമിന്റെ അപ്പർഡാമായ പേപ്പാറയിൽ 96. 65 മീറ്റർ ആണ്‌ ചൊവ്വാഴ്‌ചത്തെ ജലനിരപ്പ്‌. 86 മീറ്ററിൽ താഴ്‌ന്നാൽ ജലവിതരണത്തെ ബാധിക്കും. അരുവിക്കര ഡാമിൽ സംഭരിക്കാനാവുക രണ്ട്‌ മില്യൺ മീറ്റർ ക്യൂബ്‌ മാത്രമാണ്‌. ദിവസേന 400 മുതൽ 500 വരെ മില്യൺ ലിറ്റർ വെള്ളം കുടിവെള്ളത്തിനായി ഇവിടെനിന്ന്‌ വിതരണം നടത്തുന്നു. മഴ ലഭിച്ചില്ലെങ്കിൽ മെയ്‌ 15നുശേഷം വിതരണം പ്രയാസത്തിലാകുമെന്ന്‌ അരുവിക്കര എക്‌സിക്യൂട്ടീവ്‌ എൻജിനിയർ എം മനോജ്‌ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കുടിവെള്ള പ്രതിസന്ധി ചർച്ച ചെയ്യാനായി മന്ത്രി യോഗം വിളിച്ചിട്ടുണ്ട്‌. നെയ്യാർ ഡാമിൽനിന്ന്‌ വെള്ളമെടുക്കാനുള്ള ചര്‍ച്ച നടത്തും. ജലസേചനത്തിന്‌ മാത്രമുള്ള വെള്ളമേ ഇവിടെയുമുള്ളൂ. താൽക്കാലിക ആശ്വാസമായി നെയ്യാറിനെ ആശ്രയിക്കേണ്ടിവന്നാലും പ്രതിദിനം 100 മില്യൺ ലിറ്റർ മാത്രമേ എടുക്കാനാകൂ. പേപ്പാറ അണക്കെട്ടിൽ അനുവദിക്കപ്പെട്ട സംഭരണശേഷി 107.5 മീറ്ററാണ്‌. 110.5 മീറ്ററായി ഉയർത്തണമെന്ന്‌ ജല അതോറിറ്റി വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്‌. കേന്ദ്ര വനം വകുപ്പാണ്‌ അനുമതിക്ക്‌ തടസ്സം. മൂന്ന്‌ മീറ്റർ കൂടി സംഭരണശേഷി ഉയർത്തിയാൽ 30 ശതമാനം ജലം അധികമായി സംഭരിക്കാനാകും. നിലവിൽ സംഭരിക്കുന്ന 56 മില്യൺ മീറ്റർ ക്യൂബ്‌ വെള്ളം 70ലേക്ക്‌ ഉയർത്താനുമാകും. ജൂൺ പകുതി വരെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനാകും. കരമനയാറിന്റെ പ്രധാന കൈവഴികൾ ഉണങ്ങിവരണ്ടു. ഡാമിനുള്ളിലെ മൺകൂനകൾ തെളിഞ്ഞു. വാമനപുരം നദിയിലും നീരൊഴുക്ക് ദുർബലമാണ്. നദീതീരങ്ങളിലുള്ള ജല അതോറിറ്റിയുടെ പന്പിങ്‌ സ്‌റ്റേഷനുകളിൽ പലതും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home