ഒരു ഫോൺവിളിയിൽ തെരുവുനായ ശല്യത്തിന് പരിഹാരം


ബിജോ ടോമി
Published on Dec 06, 2025, 12:00 AM | 1 min read
തിരുവനന്തപുരം
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾക്ക് ഇനി ഒറ്റ ഫോൺവിളിയിൽ പരിഹാരം. പരാതികൾ പരിഹരിക്കാൻ തദ്ദേശ വകുപ്പ് സംസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി. 0471 –2773100 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കൺട്രോൾ റൂം പ്രവർത്തിക്കും. തിരുവനന്തപുരത്തെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് കൺട്രോൾ റൂം ഓഫീസ്. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ തദ്ദേശ വകുപ്പ് ജില്ലാ ഓഫീസുകൾ വഴി അതത് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിച്ച് പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിൽ അറിയിക്കും. സ്വീകരിച്ച നടപടിയെന്തെന്ന് പരാതിക്കാരനെ ഫോണിലൂടെ മെസേജ് വഴി അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ലാൻഡ് ഫോൺ നമ്പറിൽ പരാതി അറിയിക്കാൻ നിലവിൽ സംവിധാനമുണ്ട്. തിരുവനന്തപുരം കോർപറേഷന്റെ ‘സ്‌മാർട്ട് ട്രിവാൻഡ്രം’ ആപ്പിലും കൊച്ചി കോർപറേഷന്റെ ‘മൈ കൊച്ചി’ ആപ്പിലും പരാതി അറിയിക്കാം. ഇതിന് പുറമെേയാണ് സംസ്ഥാനതലത്തിലുള്ള കൺട്രോൾ റൂം ആരംഭിച്ചത്. സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസ്സം അനിമൽ ബെർത്ത് കൺട്രോൾ (എബിസി) നിയമത്തിലെ കർക്കശ നിയന്ത്രണങ്ങളും പ്രാദേശിക എതിർപ്പുമാണ്. കേന്ദ്ര നിയമപ്രകാരം സിസിടിവിയുംഇൻസിനറേറ്റർ അടക്കമുള്ള സൗകര്യങ്ങളും എബിസി കേന്ദ്രത്തിൽ ഏർപ്പെടുത്തേണ്ടതുണ്ട്. 2023ലെ ഭേദഗതി ചെയ്ത എബിസി നിയമപ്രകാരം ഡോക്ടർ ഏറ്റവും കുറഞ്ഞത് 2000 എബിസി ശസ്‌ത്രക്രിയ ചെയ്തയാളാകണം. ഏഴ് വർഷം പ്രവർത്തന പരിചയവും വേണം. ഈ നിബന്ധന ബുദ്ധിമുട്ടുണ്ടാക്കുന്നു. സംസ്ഥാനത്ത് 2017 മുതൽ തെരുവുനായ നിയന്ത്രണ പദ്ധതി കുടുംബശ്രീ നടപ്പാക്കിയിരുന്നു. ഇതിന് മൃഗക്ഷേമ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ ഹൈക്കോടതി തടഞ്ഞു. ഇതും എബിസി പ്രവർത്തനത്തെ ബാധിച്ചു. രോഗബാധിതരായ തെരുവുനായകൾക്ക് ദയാവധം നടത്താൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഇത് മരവിപ്പിച്ചിരിക്കുകയാണ്.










0 comments