ഉപരോധം ഒഴിവാക്കാൻ ഇറാനെ സഹായിക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടുമെന്ന് റൂബിയോ

മാർക്കോ റൂബിയോ, നരേന്ദ്ര മോദി, മസൂദ് പെസെഷ്‌ക്യൻ
വാഷിങ്ടൺ: ഉപരോധങ്ങൾ ഒഴിവാക്കാൻ ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യവും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ ഭീഷണി.
ഇന്ത്യയും ഇറാനുമായി നിലവിൽ ഒരു വ്യാപാര കരാർ ഇല്ല. എന്നാൽ ഇറാന് മേലുള്ള ഉപരോധങ്ങൾ ഒഴിവാക്കാനോ, രാജ്യത്തിന് വരുമാനമുണ്ടാക്കി നൽകാനോ ഏതെങ്കിലും തരത്തിൽ ഇടപെടലുകൾ നടത്തിയാൽ ദ്വിതീയ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇന്ത്യയും ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഹോർമുസ് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളിൽ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് പെസെഷ്‌ക്യൻ ആവശ്യപ്പെട്ടതായാണ് സൂചന.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഇറാൻ തകർന്നടിഞ്ഞെന്നായിരുന്നു അമേരിക്കയുടെ അവകാശവാദം. എന്നാൽ ഉപരോധങ്ങൾ തുടർന്നാലും സ്വതന്ത്രയമായി കാര്യങ്ങൾ നിർവഹിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കുണ്ടെന്ന് ഇറാൻ നേതൃത്വം പറഞ്ഞു.









0 comments