14 ലക്ഷത്തിന്റെ സ്വർണം കവർന്നു; നേത്രാവതിയിൽ മലയാളിയെ കൊള്ളയടിച്ചു

കായംകുളം: തിരുവനന്തപുരം- –മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന്റെ സ്വർണാഭരണം കവർന്നു. ഓണാവധിക്കുശേഷം കായംകുളത്തുനിന്ന് താനെയിലേക്ക് മടങ്ങിയ കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. സ്ളീപ്പർ കോച്ചിൽ യാത്രചെയ്‌ത താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി എന്നിവരുടെ 3 സ്വർണവളയും മാലകളും കവർന്നു.
ഞായർ പുലർച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം. ഗോവയ്ക്കും തിവിമിക്കും ഇടയിലുള്ള മേജർഡ ജങ്ഷനു സമീപമാണ് കവർച്ച നടന്നത്. ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് കൈയിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്.
ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി കടന്നുകളയുകയായിരുന്നു. യാത്രക്കാർ നൽകിയ വിവരങ്ങൾ വച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്നതായി കരുതുന്ന ലോക്കർ കവർച്ച സംഘത്തിൽപ്പെട്ട കെ എൻ നിഖിൽ കുമാറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.










0 comments