റാണി ലക്ഷ്‌മി വിവിധ കേസുകളിൽ മുമ്പ് ജയിലിലായി; അറസ്റ്റ് തടയാൻ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു

ആർ റാണി ലക്ഷ്മി
ചിറ്റാർ: ലൈഫ് ഭവനപദ്ധതിയിൽ വ്യാജ ഗുണഭോക്താക്കളെ ചേർത്ത് അരക്കോടി രൂപയിലധികം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ. കോന്നി മ്ലാന്തടം പുത്തൻവീട്ടിൽ ആർ റാണി ലക്ഷ്മിയെ (37) യാണ് ബുധനാഴ്ച തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റ് ചില ക്രിമിനൽ കേസുകളിലും ഇവർ പ്രതിയാണ്. ഒമ്പതാംക്ലാസുകാരനെ മർദിച്ച കേസിലും അയൽവാസിയെ ആക്രമിച്ച കേസിലും ഇവർ ഭർത്താവ് നവനീതിനൊപ്പം റിമാൻഡിലായിട്ടുണ്ട്. റാണി ലക്ഷ്‌മിയുടെ അറസ്റ്റ് തടയാൻ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇടപെട്ടതായും ആരോപണമുണ്ട്.
കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മ്ലാന്തടത്തെ വീട്ടിലെത്തിയാണ് റാണി ലക്ഷ്‌മിയെ കസ്റ്റഡിയിലെടുത്തത്. ബുധൻ വൈകിട്ടോടെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് പുതിയ വീട് നിർമിക്കാനും വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും അനുവദിച്ച പണം ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. കൊല്ലം നീണ്ടകരയിലെ അടക്കം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 51,23,000 രൂപയാണ് ഇവർ മാറ്റിയത്.
ഭവനനിർമാണം പൂർത്തിയാക്കിയ ആളുകൾ നിരന്തരം പഞ്ചായത്ത് ഓഫീസിൽ എത്തിയതോടെ സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി ഈശോ ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്.









0 comments