നേപ്പാൾ പ്രളയം: 1250 മരണം; തിരച്ചിൽ ഊർജിതം, കണ്ടെത്താനുള്ളത് 5000ത്തോളം പേരെ

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 1250 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 5000ത്തോളം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 583 പേർ വിദേശികളാണ്. മലയാളികളായ 6 പേരെക്കുറിച്ചും ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നേപ്പാൾ അതിർത്തിക്കടുത്തുള്ള ചൈനയുടെ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. 541 പേരെ ഇപ്പോഴും കാണാനില്ല.
ബൊട്ടെകോഷി നദിയിലൂടെ ഒഴുകിയെത്തി തുരങ്കങ്ങളിലും ഭൂഗർഭ പവർഹൗസുകളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏഷ്യൻ വികസന ബാങ്ക്, ലോക ബാങ്ക്, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ എന്നിവയുൾപ്പെടെയുള്ള നേപ്പാളിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
ഹെലികോപ്റ്റർ സംവിധാനങ്ങളുൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഏകദേശം 21,314 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തി.
നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ, മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ചിതാവാൻ ജില്ലയിൽ നിന്ന് 348, നവാൽപരസി കിഴക്ക് നിന്ന് 217, നവാൽപരസി പടിഞ്ഞാറ് നിന്ന് 202, നുവാക്കോട്ടിൽ നിന്ന് 155, റസുവയിൽ നിന്ന് 115, ഗൂർഖയിൽ നിന്ന് 69, ധാദിംഗിൽ നിന്ന് 60, തനാഹുവിൽ നിന്ന് 38 എന്നിങ്ങനെ മൃതദേഹങ്ങൾ കണ്ടെടുത്തു.
1,113 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും നേപ്പാൾ പൊലീസ് അറിയിച്ചു. കാണാതായവരെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുന്നതിനായി 911 തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നേപ്പാൾ പൊലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നുവാക്കോട്ടിലെ ചില കുടുംബങ്ങൾ കാണാതായ ബന്ധുക്കൾ മരിച്ചതായി കണക്കാക്കി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി.










0 comments