വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം
ഒടുവിൽ ഡോക്ടർ അറസ്റ്റിൽ

ഡോ. ബിനു പൊലീസ് കസ്റ്റഡിയിൽ
നെടുമങ്ങാട്
വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ് എൻ കെ ബിനു (51)വാണ് അറസ്റ്റിലായത്. ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടാംവർഷ പിജി വിദ്യാർഥിനിയാണ് പരാതിക്കാരി. കേസെടുക്കാൻപോലും മടിച്ച പൊലീസ് നാട്ടുകാരും സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റിന് തയ്യാറായത്. ഒളിവിലായിരുന്ന പ്രതി ശനി പുലർച്ചയോടെ പൊലീസ് പിടിയിലായി. എഫ്‌ഐആറിന്റെയും ആശുപത്രി സുപ്രണ്ടിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ആരോഗ്യ ഡയറക്ടർ ഇയാളെ സസ്‌പെൻഡ് ചെയ്തു. വെള്ളി ഉച്ചയോടെയാണ് യുവ ഡോക്ടർക്കുനേരെ ബിനു അതിക്രമം നടത്തിയത്. നെഞ്ചിന്റെ ഭാഗത്ത് തടിപ്പും മുഴയും ശ്രദ്ധയിൽപ്പെട്ട യുവതി ബിനുവിനെ സമീപിച്ച് ചികിത്സതേടിയിരുന്നു. വിശദപരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കിടയിലായിരുന്നു ലൈംഗികാതിക്രമം. പ്രതിരോധിച്ച യുവതി പുറത്തേക്കോടി. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും രാത്രി ഏറെ വൈകിയും കേസെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ തയ്യാറായില്ല. തുടർന്നാണ് ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അർധരാത്രി കഴിഞ്ഞും നീണ്ട പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ സംഭവം നടന്ന കുറക്കോട്ടെ സ്വകാര്യ പ്രാക്ടീസ് മുറിയിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസിന് ഗുരുതര വീഴ്‌ച: ബിന്ദു കൃഷ്ണ
ലൈംഗികാതിക്രമ പരാതിയിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പരാതി നൽകിയയുടൻ നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. വീഴ്‌ചയെപ്പറ്റി ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. ഇത്തരം നടപടികൾ ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുവ ഡോക്ടറുടെ പരാതിയിൽ അഡീഷണൽ ഡിഎച്ച്‌എസ് ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.








0 comments