ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി
തല്ല, ഇതിനപ്പുറം ചാടിക്കടന്നവനാ....


സ്വന്തം ലേഖകൻ
Published on Nov 23, 2026, 11:50 PM | 1 min read
തിരുവനന്തപുരം
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഹനുമാന്‍ കുരങ്ങ് വീണ്ടും ചാടിപ്പോയി. രണ്ട് വർഷംമുന്പ് തിരുപ്പതിയില്‍നിന്നാണ് പെണ്‍കുരങ്ങിനെ മൃഗശാലയിലെത്തിച്ചത്. 12 വയസ്സുള്ള പെണ്‍കുരങ്ങ് 2023 ജൂണിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ആദ്യം ചാടിപ്പോയത്. ദിവസങ്ങളോളം നഗരം ചുറ്റിയടിച്ച കുരങ്ങിനെ പണിപ്പെട്ടാണ് തിരികെയെത്തിച്ചത്. പിന്നീട് മൃശാലയിലെ മതിലിന്റെ ഉയരം കൂട്ടിയിരുന്നു. ആ ഉയരവും കീഴടക്കിയാണ് ഇപ്പോഴത്തെ ചാട്ടം. തിങ്കൾ രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിലില്ലെന്ന് മൃഗശാല അധികൃതര്‍ അറിഞ്ഞത്. കൂടിന്റെ വലിയ മതില്‍ ചാടിക്കടന്നാണ് പോയതെന്നാണ് വിലയിരുത്തല്‍. എന്നാൽ, സമീപത്തെ വലിയ മരത്തിൽ കുരങ്ങ് ഉള്ളതായി കണ്ടെത്തി. മരത്തിന്റെ മുകളിലെ ശിഖരത്തിലുള്ള കുരങ്ങിന് പഴം നല്‍കി താഴേക്കിറക്കാനാണ് ശ്രമിക്കുന്നത്. നടന്നില്ലെങ്കിൽ മയക്കിയിട്ട് പിടികൂടാനുള്ള നടപടിയെടുക്കും. മൃഗശാലയ്ക്ക് പുറത്തേക്ക് കടക്കില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. രണ്ട് കീപ്പര്‍മാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.






0 comments