ആയുഷ് സർവകലാശാല അടിച്ചേൽപ്പിക്കരുത്: എഎംഎഐ

തിരുവനന്തപുരം
സംസ്ഥാനത്ത് പ്രത്യേക ആയുഷ് സർവകലാശാല അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് കരട് ബിൽ തയ്യാറാക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. ആരോഗ്യ സർവകലാശാലയുടെ കീഴിൽ മറ്റ് ആരോഗ്യശാഖകളുമായി ചേർന്ന് പഠിക്കാനും സംയോജിത ഗവേഷണങ്ങൾ നടത്താനും ആയുഷ് വിദ്യാർഥികൾക്കുള്ള അവസരം ഇതുവഴി നഷ്ടമാകും. പരിമിതമായ കോളേജുകൾ മാത്രമാണ് ആയുഷിനുള്ളത്. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങി നിരവധി തസ്തികകളും പുതിയ കെട്ടിടങ്ങളും ഭരണസംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ചെലവ് ആയുഷ് മേഖലയുടെ പരിമിതമായ ബജറ്റ് വിഹിതത്തിൽനിന്ന് കണ്ടെത്തേണ്ടി വരും. അതിനാൽ നിയമനിർമാണ നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരിയും ജനറൽ സെക്രട്ടറി ഡോ. പി കെ ഹരിദാസും ആവശ്യപ്പെട്ടു.










0 comments