കർഷക സംഘം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാകയുയരും

കർഷക സംഘം ജില്ലാ സമ്മേളന ഭാഗമായി നടക്കുന്ന പ്രദർശന- വിപണനമേളയിൽ വില്‍പ്പനക്കായി എത്തിച്ച ഡ്രോൺ
വേങ്ങര
മൂന്നുദിവസത്തെ കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്‌ച വേങ്ങരയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാകയുയരും. സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ പതാക ഉയർത്തും.
കുറ്റിപ്പുറം സ. കെ രാമചന്ദ്രൻ നഗറിൽനിന്ന് കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള നവാസ് നയിക്കുന്ന പതാക ജാഥ കോട്ടക്കൽ, പറപ്പൂർവഴി സബാഹ് സ്‌ക്വയറിൽ എത്തിച്ചേരും. പുള്ളാട്ട് മുജീബ് (കണ്ണമംഗലം), കെ പി കുഞ്ഞിമുഹമ്മദ് (ഒതുക്കുങ്ങൽ), കെ സി വേണുഗോപാലൻ (ഊരകം), അബ്ദുൽ കബീർ (പറപ്പൂർ), പി സി സുരേഷ് (ഇരിങ്ങല്ലൂർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ പതാക ജാഥകളും സബാഹ് സ്ക്വയറിൽ സംഗമിച്ച് പൊതുസമ്മേളന നഗറിലേക്ക് നീങ്ങും. സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥ കക്കാട് പ്രൊഫ. മമ്മദ് മാസ്റ്റർ നഗറിൽനിന്നാണ് ആരംഭിക്കുന്നത്. പി ആലിക്കുട്ടി (വേങ്ങര), വി ടി മുഹമ്മദ് ഇഖ്ബാൽ (എ ആർ നഗർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ പതാക ജാഥകൾ കച്ചേരിപ്പടിയിൽ സംഗമിക്കും. തുടർന്ന് എല്ലാ ജാഥകളും പൊതുസമ്മേളന നഗരിയിൽ ഒത്തുചേരും. മൺമറഞ്ഞ കർഷക നേതാക്കളുടെ സ്‌മരണകളുറങ്ങുന്ന പ്രദേശങ്ങളിൽനിന്ന് അടുത്ത ബന്ധുക്കൾ നൽകുന്ന പതാകകൾ ഏറ്റുവാങ്ങിയാണ് ഉപ പതാക ജാഥകൾ പതാക, കൊടിമര ജാഥകൾക്കൊപ്പം ചേരുന്നത്.
പ്രദർശന വിപണന മേള സജീവം
ലോസഞ്ചർ മിഠായിമുതൽ ഡ്രോൺവരെ
കേരള കർഷക സംഘം ജില്ലാ സമ്മേളന ഭാഗമായി നടക്കുന്ന കാർഷിക പ്രദർശന- വിപണനമേളയിൽ പുഷ്പ ഫല സസ്യ തൈകളുടെ വില്‍പ്പന തകൃതി. വിവിധ സ്റ്റാളുകളിലായി ലോസഞ്ചർ മിഠായിമുതൽ ഡ്രോൺവരെയുള്ളവ വില്‍പ്പനക്കുണ്ട്. ദിവസവും ചുരുങ്ങിയത് 10 ഏക്കറിൽ കൂടുതൽ മരുന്ന് തളിക്കാൻ ശേഷിയുള്ള ഡ്രോണുകൾ മേളയിൽ ബുക്ക് ചെയ്യാം. ട്രാക്‌ടർ, ട്രില്ലർ, പുല്ലുവെട്ടി യന്ത്രം, തെങ്ങിന്‍തടം തുറക്കുന്ന യന്ത്രം തുടങ്ങി കാർഷിക മേഖലയിൽ ലഭ്യമായ എല്ലാ യന്ത്രങ്ങളുടെയും ബുക്കിങ്ങും സ്വീകരിക്കും. കേന്ദ്ര സർക്കാരിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ പദ്ധതി പ്രകാരം രജിസ്റ്റർചെയ്യുന്ന വ്യക്തികൾക്ക് 50 ശതമാനവും സംഘങ്ങൾക്ക് 80 ശതമാനവും സബ്‌സിഡി ലഭ്യമാക്കും. വിത്ത്, -പുഷ്പ -ഫലവൃക്ഷ സ്റ്റാളുകളിൽ അലങ്കാര പുഷ്പങ്ങൾക്ക് ഏറെ ഡിമാന്റുണ്ട്. വിയറ്റ്നാം ഏർലിപോലുള്ള ഗ്രാഫ്‌റ്റ് പ്ലാവിൻതൈകളും വിവിധ ഇനം മാവിൻതൈകളും ജനങ്ങളെ ആകർഷിച്ചതായി സംഘാടകർ അറിയിച്ചു. പരമ്പരാഗത ആദിവാസി ഒറ്റമൂലികൾ, കൈത്തറി വസ്‌ത്രങ്ങൾ, പാലക്കാടൻ കരുപ്പട്ടി എന്നിവയുടെ സ്റ്റാളുകളും സജീവമാണ്. രാവിലെ ഒന്പതുമുതല്‍ രാത്രി ഒന്പതുവരെ പ്രവർത്തിക്കുന്ന മേള 12ന് സമാപിക്കും.










0 comments