സംസ്ഥാന കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച നേട്ടവുമായി ജില്ല

പാലക്കാട്
കഴിഞ്ഞവർഷത്തെ സംസ്ഥാന കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടവുമായി ജില്ല. കെ വിശ്വനാഥൻ നെൽക്കതിർ പുരസ്കാരം നെന്മേനി നെൽ ഉൽപ്പാദക പാടശേഖരസമിതിയും ജൈവകൃഷി നടത്തുന്ന ആദിവാസി ഉന്നതിക്കുള്ള പുരസ്കാരം പാലക്കാട് പുതൂർ ഗൊട്ടിയാർകണ്ടി ഉന്നതിയും നേടി. കാർഷികമേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള സി അച്യുതമേനോൻ പുരസ്കാരം കോഴിക്കോട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ ഉളിക്കൽ പഞ്ചായത്തും പങ്കിട്ടു. പുരസ്കാരത്തുകയായ 10 ലക്ഷം ഇരുപഞ്ചായത്തുകളും പങ്കിടും. പെരുമാട്ടി കൃഷി ഭവനിലെ എം സതീഷിനെ കൃഷി അസിസ്റ്റന്റായി തെരഞ്ഞെടുത്തു. 17 രാവിലെ 10ന് കളമശേരി ആഷീസ് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ സമ്മാനിക്കും.
"നെൽക്കതിർ' പുരസ്കാരം നെൻമേനി നെല്ലുൽപ്പാദക സമിതിക്ക്
കൊല്ലങ്കോട്
സംസ്ഥാന സർക്കാരിന്റെ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്കാരത്തിന് നെൻമേനി നെല്ലുൽപ്പാദക പാടശേഖര സമിതി അർഹരായി. മികച്ച കാർഷിക പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമിതി 320 ഏക്കറിലാണ് പരിസ്ഥിതി സൗഹാർദ കൃഷിയിറക്കിയത്. രാസവളം പരമാവധി നിയന്ത്രിച്ച് മണ്ണിന്റെ ജൈവസമ്പത്തും ജൈവ സന്തുലിതാവസ്ഥയും നിലനിർത്തുന്ന കൃഷിരീതിയാണ് അവലംബിക്കുന്നത്. നെൽവിത്ത് ഉൽപ്പാദനത്തിലും സമിതി മാതൃകാ പ്രവർത്തനം നടത്തുന്നു. സംസ്ഥാന വിത്ത് അതോറിറ്റിക്ക് ആവശ്യമായ നെൽവിത്തുകൾ സമിതി നൽകുന്നു. സമിതിയിലെ കർഷകരുടെ 16 ഹെക്ടർ വയലിൽ നെൽവിത്തിനായി കൃഷിയിറക്കുന്നു. വിത്തിന്റെ ഗുണനിലവാര പരിശോധനയ്‌ക്കുശേഷമാണ് വിത്തുകൾ അതോറിറ്റിക്ക് കൈമാറുന്നത്. പാടശേഖരസമിതിയിൽ 150ൽ കൂടുതൽ കർഷകർ കൂട്ടായി ആലോചിച്ചാണ് വിളവിറക്കുന്നതും പരിചരിക്കുന്നതും വിളവെടുക്കുന്നതും. സമിതിക്ക് സ്വന്തമായി നെല്ല് സംഭരണകേന്ദ്രം ഉണ്ട്. സമിതി സ്ഥലം വാങ്ങി 3000 ചതുരശ്ര അടിയിൽ 3000 ക്വിന്റൽ നെല്ല് സംഭരിക്കാവുന്ന കേന്ദ്രം ഒരുകോടി രൂപ ചെലവിലാണ് നിർമിച്ചത്.
പൈതൃക കാർഷിക പുരസ്കാരം ഗൊട്ടിയാർകണ്ടി ഉന്നതിക്ക്
അഗളി
അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഗോത്രവിഭാഗമായ കുറുമ്പ ഗൊട്ടിയാർകണ്ടി ഉന്നതിക്ക് സംസ്ഥാന പൈതൃക കാർഷിക പുരസ്കാരം. അട്ടപ്പാടിയുടെ പൈതൃക പഞ്ചകൃഷി, തദ്ദേശീയ വിത്ത് സംരക്ഷണം, പ്രകൃതിസൗഹൃദ കാർഷിക രീതികൾ, പരമ്പരാഗത കാർഷിക വിജ്ഞാനം എന്നിവയാണ് ഉന്നതിയെ സംസ്ഥാന പുരസ്‌കാരത്തിന് അർഹമാക്കിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുതൂര്‍ കൃഷി ഓഫീസർ കെ ജെ ശ്രീജിത്ത് വഴികാട്ടിയായി. ഊര് മൂപ്പൻ കുപ്പൻ, ഉന്നതി നിവാസികളായ അഭിജിത്, ദീപ ജയശങ്കർ, ചിന്നരാജ്, സുനീഷ് തുടങ്ങിയവരുടെയും ഉന്നതിയിലെ കർഷകരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് പിന്നിൽ. ജലലഭ്യത കുറവ്, സംഭരണ സൗകര്യങ്ങളുടെ അപര്യാപ്തത, വന്യമൃഗശല്യം തുടങ്ങിയ വെല്ലുവിളികൾ ഇവര്‍ നേരിടുന്നുണ്ട്. പുരസ്കാരതുക ഇത്തരം പ്രശ്ന പരിഹാരത്തിന് വിനിയോഗിക്കും.










0 comments