ബംഗളൂരു കെഎസ്‌ആർടിസി അപകടം
മിഥിലേഷിനും അരുണിനും വിടയേകി നാട്

കണ്ടക്ടര്‍ എം എം അരുണിന്റെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കാനായി കൊണ്ടുവന്നപ്പോള്‍
സ്വന്തം ലേഖകൻ കോഴിക്കോട് ബംഗളൂരു-–മൈസൂരു സംസ്ഥാനപാതയിലുണ്ടായ അപകടത്തിൽ മരിച്ച കെഎസ്‌ആർടിസി ഡ്രൈവർ കെ മിഥിലേഷ് (31), കണ്ടക്ടർ എം എം അരുൺ (53) എന്നിവർക്ക് കണ്ണീരോടെ വിടനൽകി നാട്. ബംഗളൂരു രാജരാജേശ്വരി മെഡി. കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഞായർ പുലർച്ചയോടെയാണ് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്. പൊതുദർശനത്തിനുശേഷം വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ മിഥിലേഷിന്റെയും മാവൂർ റോഡ് ശ്മശാനത്തിൽ അരുണിന്റെയും സംസ്‌കാരം നടന്നു. പ്രിയപ്പെട്ടവരെ യാത്രയാക്കാൻ നൂറുകണക്കിന് പേരാണ് വീടുകളിലെത്തിയത്. സുഹൃത്തുക്കളും നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ശനി രാവിലെ ആറോടെ ബംഗളൂരുവിന് സമീപം ബിഡദിയിലായിരുന്നു അപകടം. കേരളാ കോൺട്രാക്‌ട് ഗാരേജ് അന്തർ സംസ്ഥാന നൈറ്റ് സർവീസ് ബസ് തൊഴിലാളി യൂണിയൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് പോസ്റ്റുമോർട്ട നടപടി ശനിയാഴ്ചതന്നെ പൂർത്തിയാക്കാൻ സഹായകരമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കോഴിക്കോട് കോട്ടൂളി സ്വദേശി സനൂപ്, താമരശേരി സ്വദേശി ഹൃദ്യ മോഹൻ, അടിവാരം സ്വദേശി സൂരജ് എന്നിവർ ചികിത്സയിലാണ്. മൂന്നുപേരുടെയും ശസ്‌ത്രക്രിയ പൂർത്തിയായി. സനൂപ് ബംഗളൂരു മെഡിക്കൽ കോളേജിലും മറ്റ് രണ്ടുപേർ ബിഡദി കെമ്പണ്ണാ ആശുപത്രിയിലുമാണുള്ളത്. മറ്റുള്ളവർ ശനി രാത്രിയിലും ഞായർ രാവിലെയുമായി ആശുപത്രിവിട്ടു.







0 comments