ad
Deshabhimani

ആശുപത്രി അടച്ചുപൂട്ടിയത്‌ അതീവ ഗുരുതര സംഭവം: എം രാജഗോപാലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം രാജഗോപാലൻ

Published on Aug 10, 2026, 03:00 AM | 1 min read

കാസർകോട് ഡോക്ടർമാർ ഇല്ലാത്തതിനാൽ പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയത് ആരോഗ്യ കേരളത്തിന്‌ അപമാനകരവും അതീവ ഗുരുതരവുമായ സംഭവമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പറഞ്ഞു. ഡോക്ടർമാരില്ലെന്ന് പറഞ്ഞ് ഒരാശുപത്രിയുടെ സേവനംതന്നെ ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണ്. മാപ്പർഹിക്കാത്ത നടപടിയാണിത്‌. മലയോരത്തെ സാധാരണക്കാരായ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയത്‌. ഒരാശുപത്രി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആരോഗ്യ സ്ഥാപനങ്ങളിൽ മികച്ച ഭ‍ൗതിക സ‍ൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കി ലോകത്തോളം ഉയർത്തിയ കാലമാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റേത്‌. ഇതാണ്‌ യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത്‌. ജില്ലാ ആശുപത്രിയും മറ്റ്‌ ആരോഗ്യ കേന്ദ്രങ്ങളും ഡോക്ടർമാരുടെ കുറവും ആവശ്യമായ മരുന്ന്‌ ഇല്ലാത്തതും കാരണം പ്രതിസന്ധിയിലാണ്‌. പലയിടത്തും രാത്രികാല ചികിത്സയും മുടങ്ങിയിട്ടുണ്ട്‌. പകർച്ചവ്യാധികളും പ്രകൃതിക്ഷോഭവും ഉൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ നാട്‌ കടന്നുപോവുമ്പോഴാണിത്‌. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക്‌ മെച്ചപ്പെട്ട ചികിത്സ നൽകാൻ ബാധ്യതപ്പെട്ട സർക്കാർ അടിയന്തര സാഹചര്യത്തിൽ കാട്ടുന്ന അലംഭാവം അംഗീകരിക്കാനാവില്ല. ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച്‌ ചികിത്സാ സ‍ൗകര്യം ഉറപ്പുവരുത്തിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ എം രാജഗോപാലൻ പറഞ്ഞു. ഡോക്ടര്‍മാരില്ലാത്തതിന്റെപേരില്‍ പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം അടച്ചുപൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്‌ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പനത്തടി ഏരിയ സെക്രട്ടറി പി ജി മോഹനന്‍ 
പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home