വ്യാപാരികൾക്ക് ആശങ്ക മഴയിൽ കുതിരുമോ വസ്ത്രവിപണി

കോഴിക്കോട് നഗരത്തിലെ വസ്ത്ര മൊത്ത വ്യാപാര വിപണിയില്‍ നിന്ന്.
സ്വന്തം ലേഖകൻ കോഴിക്കോട് ഓണവിപണി പ്രതീക്ഷിച്ച് സ്റ്റോക്കെടുത്ത വസ്ത്രവ്യാപാരികൾക്ക് തിരിച്ചടിയായി കനത്ത മഴയും ഓൺലൈൻ വ്യാപാരവും. ഓണം പടിവാതിൽക്കൽ എത്തിനിൽക്കുന്പോഴും ആളുകൾ കാര്യമായി കടകളിൽ എത്തിത്തുടങ്ങിയിട്ടില്ല. ഇൗയാഴ്ചയും മഴ തുടർന്നാൽ ഓണനാളിലെ വസ്ത്രവിപണിക്ക് മങ്ങലേൽക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഓൺലൈൻ കച്ചവടക്കാരുടെയും വൻകിട കുത്തകകളുടെയും കടന്നുകയറ്റം ചെറുകിട വസ്ത്ര വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഉൽപ്പാദകരിൽനിന്ന് മൊത്തക്കച്ചവടക്കാർ വഴി ചെറുകിടക്കാരിലേക്കും ഉപഭോക്താക്കളിലേക്കും പോകുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ, ഓൺലൈനുകളും കുത്തക വ്യാപാര സ്ഥാപനങ്ങളും ഉൽപ്പാദകരിൽനിന്ന് ചുരുങ്ങിയ വിലയ്ക്ക് വൻതോതിലാണ് ചരക്കെടുക്കുന്നത്. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകിയാലും ഇവർക്ക് വൻ ലാഭമുണ്ടാകും. ഇത് ചെറുകിട ചില്ലറ വ്യാപാരികളെയും ഇടത്തരം മൊത്ത വ്യാപാരികളെയുമാണ് ബാധിക്കുന്നത്. ഇടത്തരം വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്ക് പുതുതലമുറ ആകർഷിക്കപ്പെടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇൻസ്റ്റാഗ്രാമടക്കം സമൂഹമാധ്യമങ്ങളിലെ പേജുകളുമാണ് ഇവർക്ക് താൽപ്പര്യം. ഓൺലൈൻ വ്യാപാരം ഭീഷണിയായതോടെ പല ചില്ലറ വ്യാപാരികളും വാട്‌സാപ് കൂട്ടായ്മകളും മറ്റും രൂപീകരിച്ച് കച്ചവടം പിടിക്കുന്നുണ്ട്. പ്രമുഖ സ്ഥാപനങ്ങൾപോലും ഇൗ വഴിക്ക് തിരിയുന്നുമുണ്ട്. ചെറുകിട സ്ഥാപനങ്ങൾ പലതും തൊഴിലാളികളുടെ എണ്ണം കുറച്ചാണ് പിടിച്ചുനിൽക്കുന്നത്. സംസ്ഥാനത്ത് മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ മൊത്തക്കച്ചവടക്കാർ വസ്ത്രമേഖലയിലുണ്ട്. മലബാർ മേഖലയുടെ ഹബ്ബായ കോഴിക്കോട് മാത്രം അറുനൂറോളംപേർ ഇൗ മേഖലയിലുണ്ട്. ആയിരം കോടിയോളം രൂപയുടെ കച്ചവടമാണ് ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത്. ഇതിൽ 40 ശതമാനത്തോളം നടന്നിരുന്നത് ചെറുകിട മേഖലയിലായിരുന്നു. ഓൺലൈൻ വിപണി സജീവമായതോടെ 30 ശതമാനത്തിലധികം കച്ചവടവും അവിടേക്ക് മാറിയെന്നും കച്ചവടക്കാർ പറയുന്നു.







0 comments