ad
Deshabhimani

ഉദ്‌ഘാടന നാടകം കഴിഞ്ഞിട്ട്‌ 30 ദിവസം

പുതിയ റോറോ ‘കാണാനില്ല’

ro ro
വെബ് ഡെസ്ക്

Published on Aug 10, 2026, 02:29 AM | 1 min read

കൊച്ചി


ഉദ്‌ഘാടനം കഴിഞ്ഞ്‌ ഒരു മാസമായിട്ടും പുതിയ റോറോ സർവീസിന്‌ ഇറക്കാതെ യുഡിഎഫ്‌ നേതൃത്വത്തിലുള്ള കൊച്ചി കോർപറേഷൻ ഭരണസമിതി. സേതു സാഗർ–മൂന്ന്‌ റോറോയാണ്‌ ഇതുവരെ സർവീസ്‌ ആരംഭിക്കാത്തത്‌. മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷപൂർവം ഉദ്‌ഘാടന നാടകം നടത്തി മടങ്ങിയതിന്‌ പിന്നാലെ റോറോയും കൊച്ചി കപ്പൽശാലയിലേക്ക്‌ തിരികെ കൊണ്ടുപോയി.


ജൂലൈ 12നാണ്‌ സതീശൻ വൈപ്പിൻ ബോട്ടുജെട്ടിയിൽ കോർപറേഷന്റെ മൂന്നാമത്‌ റോറോ ഉദ്‌ഘാടനം ചെയ്‌തത്‌. മേയർ വി കെ മിനിമോളായിരുന്നു അധ്യക്ഷ. എന്നാൽ അന്ന്‌ കണ്ടതല്ലാതെ റോറോ നാട്ടുകാർ പിന്നീട്‌ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിന്‌ പിന്നാലെ സർവീസ്‌ ആരംഭിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്‌. കോർപറേഷന്റെ മൂന്നാമത്തെ റോറോ സർവീസ്‌ ആരംഭിച്ചതായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിട്ടിരുന്നു. പതിവുപോലെ അതും സതീശന്റെ നുണകളിൽ ഒന്നായി ഒടുങ്ങിയെന്ന്‌ ദിവസങ്ങൾ കഴിഞ്ഞതോടെ വ്യക്തമായി. സർവീസ്‌ നടത്തുന്നതിന്‌ മുന്നോടിയായുള്ള നടപടിക്രമങ്ങൾ ഭരണസമിതി പൂർത്തിയാക്കാത്തതിനാലാണ്‌ റോറോയുടെ സേവനം ജനങ്ങൾക്ക്‌ ലഭ്യമാകാത്തത്‌.


കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും നിലവിലുള്ള രണ്ട്‌ റോറോകളിൽ ഒന്ന്‌ പണിമുടക്കിയാൽ യാത്രക്കാർ ബുദ്ധിമുട്ടാതിരിക്കാനും മൂന്നാമത്തേത്‌ നിർമിക്കാൻ നടപടി സ്വീകരിച്ചത്‌. കൊച്ചിയുടെ ദീർഘനാളത്തെ ആവശ്യംകൂടിയായിരുന്നു ഇത്‌. ഭൂരിഭാഗം നിർമാണ പ്രവൃത്തിയും അക്കാലയളവിൽത്തന്നെ പൂർത്തിയാക്കി. 14 ട്രക്കും 12 കാറും 50 യാത്രക്കാരെയും കയറ്റാൻ കഴിയുന്ന റോറോയാണിത്‌. എന്നാൽ ശേഷിക്കുന്ന നടപടിക്രമങ്ങൾപോലും പൂർത്തിയാക്കാൻ യുഡിഎഫ്‌ ഭരണസമിതിക്കാകുന്നില്ല.


നിലവിൽ സർവീസ്‌ നടത്തുന്ന റോറോകളിലൊന്ന്‌ കഴിഞ്ഞ ദിവസം എൻജിൻ തകരാറിനെ തുടർന്ന്‌ നിയന്ത്രണംവിട്ട്‌ കടലിലേക്ക്‌ ഒഴുകിയിരുന്നു. തുടർന്ന്‌ സർവീസ്‌ നിർത്തിവയ്‌ക്കുകയും ചെയ്‌തു. എന്നിട്ടും പുതിയതിറക്കി ജനങ്ങൾക്ക്‌ ആശ്വാസം പകരാൻ കോർപറേഷൻ തയ്യാറാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home