ad
Deshabhimani

വാർത്താ ചിത്രങ്ങളിലൂടെ പുനർജനിച്ചത്‌ ചരിത്രം

സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഒരുക്കിയ വാർത്താ ചിത്ര പ്രദർശനത്തിൽനിന്ന്
വെബ് ഡെസ്ക്

Published on Aug 10, 2026, 01:18 AM | 1 min read

കൊല്ലം

സീനിയർ ജേര്‍ണലിസ്റ്റ് ഫോറം കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഒരുക്കിയ വാർത്താ ചിത്രപ്രദർശനത്തിലൂടെ പുനർജനിച്ചത്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അവിസ്മരണീയ മൂഹൂർത്തങ്ങൾ. കാണികൾക്ക് കൗതുകം പകരുന്ന പ്രദർശനം തിങ്കളാഴ്‌ച സമാപിക്കും. 72പേരുടെ മരണത്തിനിടയാക്കിയ 1987ലെ മീററ്റ് കലാപത്തിന്റെ ലൈവ് ചിത്രം പ്രദർശനത്തിലെ മുഖ്യ ഇനമാണ്. ചിത്രം പകർത്തിയത്‌ സരസ്വതി ചക്രവർത്തി. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഫോട്ടോ ജേർണലിസ്റ്റായ ഇവർ ജനിച്ചത്‌ കൊല്ലം ആനന്ദവല്ലീശ്വരത്താണ് എന്നത്‌ ഇന്നും അധികമാർക്കും അറിയില്ല. 1957ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇ എം എസ് നമ്പൂതിരിപ്പാട് വീട്ടിൽനിന്നിറങ്ങുന്നതാണ് മറ്റൊരു ചിത്രം. എം കെ ജോൺ പകർത്തിയതാണിത്‌. വലതു കൈയിൽ ചെറിയൊരു ബ്രീഫ് കേസും ഇടതുകൈയിൽ വാരിയെടുത്ത് ഒക്കത്തു പിടിച്ചിരിക്കുന്ന പേരക്കുട്ടിയും. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് സാധാരണ കംപാർട്ട്മെന്റിലാണ് അന്ന് ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരത്തേക്കു പോയത്. അന്തരിച്ച ഭാര്യ കല്യാണിക്കുട്ടിഅമ്മയുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടി നിലവിളിക്കുന്ന ലീഡർ കെ കരുുണാകരന്റെ ചിത്രവുമുണ്ട്‌. എക്സ്പ്രസ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫർ കെ കെ രവീന്ദ്രൻ പകർത്തിയതാണ് ഈ അപൂർവ ചിത്രം. 103പേരുടെ മരണത്തിനിടയാക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന്റെ ഭയാനകത അപ്പാടെ പകർത്തപ്പെട്ട പി മുസ്തഫയുടെ ചിത്രവും ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി. ഇങ്ങനെ വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനത്തിനു നിരത്തിയിരിക്കുന്നത്. ചിത്രം പകർത്തിയ മഹാഭൂരിപക്ഷം ഫോട്ടോഗ്രാഫർമാരും ഇന്നു ജീവിച്ചിരിപ്പില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home