അപകടം മേട്ടുപ്പാളയത്ത്
കാർ കൊക്കയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു

മേട്ടുപ്പാളയത്ത് അപകടത്തിൽപ്പെട്ട കാർ
പാലക്കാട്
കോയമ്പത്തൂർ മേട്ടുപ്പാളയത്തിനുസമീപം പെരുംപള്ളത്ത് കാർ 300 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. നീലിഗിരി കുന്തയ്ക്ക് സമീപമുള്ള ബംഗാൾമട്ട സ്വദേശികളായ രാജ് കണ്ണൻ (54), ഭോജൻ (70), രാധിക(55) എന്നിവരാണ് മരിച്ചത്. ഇവർ നിലവിൽ കാരമടയ്ക്ക് സമീപമുള്ള മത്തംപാളയത്താണ് താമസിക്കുന്നത്. ഞായർ പകൽ മൂന്നോടെ ഊട്ടി എടക്കാടിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം മഞ്ചൂർ–മുള്ളി വഴി മത്തംപാളയത്തേക്ക് മടങ്ങവേയായിരുന്നു അപകടം. രാജ് കണ്ണനാണ് കാർ ഓടിച്ചത്. പെരുംപള്ളത്തുള്ള വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ കാരമട ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാരമട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ തിങ്കളാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.










0 comments