ഓണം പെരുവഴിയിലാകും
അന്തര്‍സംസ്ഥാന ബസ് ടിക്കറ്റ് നിരക്ക് ആകാശം തൊടുന്നു


സ്വന്തം ലേഖകൻ
Published on Aug 10, 2026, 02:32 AM | 1 min read
കൊച്ചി
ഓണക്കാലത്ത് കുതിച്ചുയര്‍ന്ന് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നിരക്ക്. അയല്‍സംസ്ഥാനങ്ങളിൽനിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഓണത്തോടടുക്കുമ്പോഴേക്കും നിരക്ക് ഉയരുകയാണ്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സ്വകാര്യ ബസ് സര്‍വീസുകളുള്ളത്.
സാധാരണദിവസങ്ങളില്‍ 900 മുതല്‍ 1,200 രൂപവരെയാണ് ബംഗളൂരു – എറണാകുളം എസി, നോണ്‍ എസി ബസ് നിരക്ക്. കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ മള്‍ട്ടി ആക്സില്‍ ഗജരാജ് സ്വിഫ്റ്റില്‍ 1,125 രൂപയാണ് നിരക്ക്. ഉത്രാടദിന തലേന്ന് 24ന് ഇൗ റൂട്ടിൽ സ്വകാര്യ ബസ് നിരക്ക് 3,100 മുതല്‍ 3,568 വരെയായി. കെഎസ്ആര്‍ടിസിയില്‍ ഇത് 2,400 മുതല്‍ 2,598 രൂപ വരെയാണ്. എന്നാല്‍ 24ന് ബംഗളുരു–കൊച്ചി വിമാന ടിക്കറ്റ് നിരക്ക് (എയര്‍ ഇന്ത്യ എക്സ്പ്രസ്) 3,760 രൂപയാണ്. ഇപ്പോള്‍ ബുക്ക് ചെയ്താല്‍മാത്രം ഈ നിരക്കില്‍ ഓണത്തിന് കൊച്ചിയിലേക്ക് പറക്കാം.
ചെന്നെെയില്‍നിന്ന് സ്വകാര്യ ബസ് നിരക്ക് സാധാരണഗതിയിൽ 1,010 രൂപയാണെങ്കില്‍ ഓണദിനങ്ങളില്‍ അത് 2,500ലേക്ക് ഉയർന്നു. കെഎസ്ആര്‍ടിസിയിൽ 1,055 രൂപയാണ് സാധാരണ നിരക്ക്. ഓണമാകുന്പോൾ 2,000 രൂപ നൽകണം. ശേഷിക്കുന്നവയില്‍ ഡൈനാമിക് നിരക്കുകളാണ്. ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് സാധാരണ ദിവസം 2,570 രൂപ ആണെങ്കില്‍ ഓണത്തിന് അത് 4,635 രൂപയിലേക്കുയര്‍ന്നു.
ദിനംപ്രതി എഴ് ട്രെയിന്‍ സര്‍വീസാണ് ബംഗളുരുവിനും എറണാകുളത്തിനുമിടയിലുള്ളത്. ബാക്കിയെല്ലാം പ്രതിവാര സര്‍വീസുകളും ഉത്സവകാലത്തെ പ്രത്യേക ട്രെയിനുമാണ്. ഈ സര്‍വീസുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനേക്കാളേറെപ്പേര്‍ ഓണത്തിന് നാട്ടിലേക്കെത്തുന്നു. ട്രെയിനുകളില്‍ സീറ്റ് ലഭ്യമല്ലാതാകുന്നതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ആണ് ആശ്രയം. ഇതിലും നിരക്കുയര്‍ന്നതോടെ പലരും ഓണത്തിന് എങ്ങിനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ്.







0 comments