തൃപ്പരപ്പിൽ ഭീതി പരത്തിയ മുതല വലയിലായി

കന്യാകുമാരിയിൽ തൃപ്പരപ്പില്‍നിന്ന് പിടികൂടിയ 300 കിലോ ഭാരമുള്ള മുതല
കന്യാകുമാരി
വിനോദസഞ്ചാര കേന്ദ്രമായ തൃപ്പരപ്പിന് സമീപത്തെ കോതയാറിൽ ഏഴുമാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല പിടിയിലായി. വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് 300 കിലോ ഭാരമുള്ള മുതല കുടുങ്ങിയത്. ഏഴുമാസം മുന്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രദേശവാസികള്‍ വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് മുതലയെ പിടിക്കാന്‍ വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയിൽനിന്ന് പ്രത്യേക സംഘവും എത്തിയിരുന്നു. കോഴിയെയും ആടിനെയും ഇരയായി വച്ച് പലതവണ കെണിയൊരുക്കിയെങ്കിലും മുതല പിടിയിലായില്ല. തുടർന്ന് പ്രത്യേക ദൗത്യസംഘം പ്രദേശത്ത് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മുതലയുടെ സഞ്ചാരപഥങ്ങളിൽ വലയിട്ടു. തിങ്കൾ രാവിലെയോടെ ആറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വൻ ജനക്കൂട്ടം മുതലയെ കാണാനെത്തി. പിന്നീട് മുതലയെ കൂടുതൽ വല ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ കരയ്‌ക്കെത്തിച്ചു. തുടർന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്കു മാറ്റി. മുതലയെ എങ്ങോട്ട് മാറ്റണമെന്നത് ഉന്നതതല യോഗത്തിനുശേഷം തീരുമാനിക്കും. അതേസമയം, ആറുവർഷം മുന്പ് ഇതേ പ്രദേശങ്ങളില്‍ മുതലക്കുഞ്ഞിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികള്‍ വനംവകുപ്പിന് കൈമാറിയിരുന്നു. അത് വ്യാജ വീഡിയോ ആണെന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു.








0 comments