കാപ്പ കേസ് പ്രതിയായ കൗൺസിലറെ പുറത്താക്കണം
എൽഡിഎഫ് റിലേ സത്യഗ്രഹത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം
കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം `കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനുമുന്നിൽ എൽഡിഎഫിന്റെ അനിശ്ചിതകാല റിലേ സത്യഗ്രഹസമരത്തിന് ചൊവ്വാഴ്‌ച തുടക്കം. നെടുമങ്ങാട്, വട്ടിയൂർക്കാവ് സ്റ്റേഷനുകളിലായി വധശ്രമക്കേസടക്കം 19 ക്രിമിനൽ കേസുള്ള കൗൺസിലറെ സംരക്ഷിക്കാനാണ് ബിജെപി ഭരണസമിതി ശ്രമിക്കുന്നത്. തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. മൂന്നാമത്തെ കൗൺസിലിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമെന്നതിനാൽ ബോധപൂർവം മേയർ കൗൺസിൽ വിളിക്കുന്നുമില്ല. നിയമാവലിപ്രകാരം ജൂൺ 12നുള്ളിൽ കൗൺസിൽ വിളിക്കണം. സുഗതന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുംവരെ യോഗം വിളിക്കാതെ പ്രതിക്ക് ഒത്താശ ചെയ്യുകയാണ് മേയർ. നഗരത്തെ ബാധിക്കുന്ന മഴക്കാല രോഗവ്യാപനം, പൊതുജനാരോഗ്യ പ്രതിസന്ധി, ശുചിത്വ പ്രവർത്തനങ്ങളിലെ വീഴ്ച തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയ്‌ക്കെടുക്കണം. കൗൺസിൽ വിളിച്ചുചേർക്കുംവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആദ്യദിവസം കൗൺസിലർമാരായ കെ ശ്രീകുമാറും രാഖി രവികുമാറും സത്യഗ്രഹമിരിക്കും.










0 comments