കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കി
print edition മുല്ലപ്പെരിയാർ: വീണ്ടും തിരിച്ചടിയുടെ കാലം

കുമളി : മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കിയത് കേരളത്തിന്റെ വീഴ്‌ചയെന്ന് വ്യാപക ആക്ഷേപം. കേന്ദ്ര ജലകമീഷൻ മുൻ ചീഫ് എൻജിനിയർ ടി കെ ശിവരാജനെ നീക്കിയാണ് തൽസ്ഥാനത്ത് ഉത്തർപ്രദേശ് സ്വദേശിയായ എം എൽ ശർമയെ നിയമിച്ചത്.
2021 ജൂൺ ആറിനാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി സ്വതന്ത്ര വിദഗ്ധസമിതി രൂപീകരിച്ചത്. നിലവിലുള്ളവർ വിരമിക്കുമ്പോൾ പകരം കേരളത്തിന്റെ പ്രതിനിധികൾ ചുമതലയേൽക്കുകയായിരുന്നു പതിവ്. വ്യക്തിപരമായ കാരണങ്ങളാൽ ടി കെ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടാത്തതാണ് കാരണമെന്നാണ് ആക്ഷേപം. എൽഡിഎഫ് തുടർഭരണകാലയളവിൽ മുല്ലപ്പെരിയാർ വിഷയത്തിൽ യുഡിഎഫ് തുടർച്ചയായി മുതലെടുപ്പിന് ശ്രമിച്ചിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം, തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ തുടങ്ങിയ മുദ്രാവാക്യമുയർത്തി 2021 നവംബറിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സമരം ഉദ്ഘാടനംചെയ്തത്.
മുല്ലപ്പെരിയാർ കേസിൽ വിഎസ് ഭരണകാലത്ത് കേരളം വിജയത്തോടടുത്ത ഘട്ടത്തിലായിരുന്നു ഭരണമാറ്റം. 2006–-11 ലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ കേസിൽ കേരളത്തിന് അനുകൂലമായ ഒട്ടേറെ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധിച്ചത്.









0 comments